ADVERTISEMENT

തിരുവനന്തപുരം ∙ അധികൃത അനാസ്ഥകളുടെ കുത്തൊഴുക്കിന് പിന്നാലെയാണ് ആർസിസിയിലെ തുറന്ന് കിടന്ന ലിഫ്റ്റിൽ നിന്നും വീണു പരുക്കേറ്റു ഗുരുതരാവസ്ഥയിലായ പത്തനാപുരം സ്വദേശി നാജിറ (22) മരണത്തിന് കീഴടങ്ങിയത്. അപായ സൂചനകൾ നൽകാതെ ലിഫ്റ്റ് തുറന്നിട്ടത് മുതൽ തലച്ചോറിലെ ക്ഷതം കണ്ടെത്താൻ വൈകിയത് വരെ അത് നീളുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും ചെയ്തു. മരിക്കുന്നതിന് കുറച്ച് നാൾ മുൻപ് മാത്രമാണ് തലച്ചോറിലെ ക്ഷതം കണ്ടെത്തിയത്.

മൂന്നാം നിലയിലെ തുറന്നു കിടന്ന ലിഫ്റ്റിൽ നിന്നും രണ്ടു നില താഴേക്ക് പതിച്ച നാജിറ 2 മണിക്കൂറിലേറെയാണ് ആരുമറിയാതെ കിടന്നത്. അർബുദ രോഗിയായ അമ്മ നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നാജിറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്നു ഭർത്താവ് മുഹമ്മദ് ഇസ്മായിൽ ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒന്നര വയസ്സുള്ള മകളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നാജിറ.

ആർസിസി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ  ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രിക്കൽ വിഭാഗത്തിലെയും സെക്യൂരിറ്റി വിഭാഗത്തിലെയും ഏതാനും ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതല്ലാതെ ആർസിസി. മറ്റൊന്നും ചെയ്തില്ല. തലച്ചോറിലെ പരുക്ക് യഥാസമയം കണ്ടെത്തി ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന  ബന്ധുക്കൾ പറയുന്നു.

നാജിറയുടെ കുടുംബത്തിന് ആർസിസി നഷ്ട പരിഹാരം നൽകണമെന്നു വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു. ഒരു മാസമായി വെന്റിലേറ്ററിൽ കഴിയുന്ന നാജിറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, കെപിസിസി അംഗം സി.ആർ.നജീബ് എന്നിവർ മുഖ്യമന്ത്രിക്കും ആശുപത്രി അധികൃതർക്കും പരാതി നൽകി. 15നു പുലർച്ചെ ബി ബ്ലോക്കിലെ കേടായ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർസിസി ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com