ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സഹകരണ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ള നടന്ന തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് 1000 കോടി രൂപ കവർന്നെന്നും ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദി സംഘടിപ്പിച്ച രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎം നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥർ സംഘടിതമായ കൊള്ള നടത്തുകയായിരുന്നു.നേതൃത്വത്തിന്റെ ഇഷ്ടക്കാർക്കു മാനദണ്ഡങ്ങൾ ലംഘിച്ചാണു വായ്പ നൽകിയത്. സിപിഎം നിയന്ത്രണത്തിലുള്ള കേരളത്തിലെ ഭൂരിഭാഗം ബാങ്കുകളിലും ഇതേ അവസ്ഥയാണ്. ഇടതുപക്ഷത്തോടു കൂറുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചു ജനാധിപത്യ വിരുദ്ധമായി, യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ ഭരണം സിപിഎം പിടിച്ചെടുക്കുന്നു.

കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ചതും അതിന്റെ ചുമതല അമിത് ഷായ്ക്ക് നൽകിയതും ആശങ്കയോടെയാണു സഹകാരികൾ കാണുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന് അടിത്തറ പാകാനാണ് ബിജെപി സഹകരണ മേഖലയിലേക്കു കടന്നുവരുന്നതെന്നും സുധാകരൻ പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വിൻസന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com