സ്വകാര്യവത്കരണം: സംയുക്ത ട്രേഡ് യൂണിയൻ സമിതി ധർണ നടത്തി
Mail This Article
തിരുവനന്തപുരം∙ ആയുധ നിർമാണ ഫാക്ടറികളടക്കം തന്ത്രപ്രധാന മേഖലകൾ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്കും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനും മുന്നിൽ ധർണ സംഘടിപ്പിച്ചു. രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.എസ്.സുനിൽകുമാർ, പുല്ലുവിള സ്റ്റാൻലി, ജയകുമാർ, കവടിയാർ ധർമൻ എന്നിവർ പ്രസംഗിച്ചു. ഏജീസ് ഓഫിസിനു മുന്നിൽ പ്രതിഷേധ യോഗം സിഐടിയു ജില്ലാ പ്രസിഡന്റ് സി.ജയൻ ബാബുവിന്റെ അധ്യക്ഷതയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മീനാങ്കൽ കുമാർ, ദാസൻ എന്നിവർ പ്രസംഗിച്ചു. പിഎംജി ഓഫിസിനു മുന്നിൽ എസ്ടിയു സംസ്ഥാന പ്രസിഡന്റ് മാഹീൻ അബൂബക്കർ ആയിരുന്നു ഉദ്ഘാടകൻ.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം വഞ്ചിയൂർ പി.ബാബു അധ്യക്ഷത വഹിച്ചു. പി.എസ്.നായിഡു, പാറ്റൂർ സുനിൽ എന്നിവർ പ്രസംഗിച്ചു. ജിപിഒയ്ക്കു മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. സുബോധൻ, ഇ.കെന്നഡി എന്നിവർ പ്രസംഗിച്ചു. ആർഎംഎസ് ഓഫിസിനു മുന്നിൽ നടന്ന യോഗം എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ. കുമാർ ആയിരുന്നു ഉദ്ഘാടകൻ. സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് സി.ജയൻ ബാബു പ്രസംഗിച്ചു.