ADVERTISEMENT

തിരുവനന്തപുരം∙ സമ്പൂർണ കോവിഡ് വാക്സിനേറ്റഡ് ഗ്രാമമായി മാറാൻ പുത്തൻതോപ്പ്. കടലോര ഗ്രാമമായ പുത്തൻതോപ്പിൽ 18 വയസിനു മുകളിലുള്ള മുഴുവൻപേരും നാളെ ആദ്യ ഡോസ് വാകിനേഷൻ പൂർത്തിയാക്കും.  കഠിനംകുളം പഞ്ചായത്തിലെ 14,15 വാ‍ർഡുകൾ ഉൾപ്പെട്ടതാണു പുത്തൻതോപ്പ്.  കോവിഡ് ആദ്യതരംഗം പുത്തൻതോപ്പിനെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ രണ്ടാംതരംഗത്തിൽ ഒരാഴ്ചക്കിടെ 11 പേർ മരിച്ചതോടെയാണു നാടുണർന്നത്. മരിച്ചവരിൽ ഒരാൾ പോലും വാക്സീൻ എടുത്തിരുന്നില്ല.

പരമാവധി പേർക്ക് എങ്ങനെ വാക്സീൻ നൽകാമെന്ന ചർച്ചയ്ക്കു പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ചർച്ചും നാട്ടുകൂട്ടവും നേതൃത്വം നൽകി. സർക്കാർ മേഖലയിലെ വാക്സീൻ ക്ഷാമവും സർക്കാർ ആശുപത്രിയിലെ തിരക്കും മൂലം ആളുകൾ പലരും വാക്സിനേഷനു വിമുഖരായിരുന്നു. സ്വകാര്യ ആശുപത്രിയിൽനിന്നു വാക്സീനെടുക്കാമെന്നായി ആലോചന. വിദേശത്തുള്ള പുത്തൻതോപ്പുകാർ സംഭാവന നൽകാൻ ഒട്ടേറെപ്പേർ തയാറായി. 18 വയസിനു മുകളിലുള്ള 1500 പേരാണു പുത്തൻതോപ്പിലുള്ളത്. ഇതിൽ 50 വയസിനു മുകളിലുള്ളവരുടെ പട്ടിക തയാറാക്കി. കിംസ് ആശുപത്രി മുഖേനെ 331 പേർക്ക് ആദ്യം വാക്സീനെടുത്തു. അടുത്ത ഘട്ടത്തിൽ ചെറുപ്പക്കാരെ ഉൾപ്പെടുത്തി.

അനന്തപുരി ആശുപത്രി വഴി 275 പേർക്ക്. കുറേപ്പർ സർക്കാർ ആശുപത്രികൾ വഴി ഇതിനകം വാക്സീനെടുത്തു. ശേഷിക്കുന്ന 308 പേർക്ക് നാളെ വാക്സീൻ നൽകും. ഇതോടെ ആദ്യഘട്ട വാക്സിനേഷൻ പൂർത്തിയാകും. സംഭാവനയായി ലഭിച്ചതിൽ ബാക്കി തുക ഉപയോഗിച്ചു കുട്ടികൾക്കു ഡിജിറ്റൽ പഠനത്തിനു സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. പള്ളി വികാരി ഫാ.ആന്റോ ഡിക്സണും ജെറി ബ്രൈറ്റ്, ക്രിസ്റ്റഫർ ഡിസിൽവ, ഫ്രാൻസിസ് ഡിക്രൂസ് തുടങ്ങിയ നാട്ടുകൂട്ടം ഭാരവാഹികളുമാണു വാക്സിനേഷൻ ഡ്രൈവിനു നേതൃത്വം നൽകിയത്.തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് നാളെ പുത്തൻതോപ്പിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com