ADVERTISEMENT

ചിറയിൻകീഴ് ∙ കോവിഡ് ദുരിതങ്ങളൊഴിഞ്ഞു അഴൂർ പെരുങ്ങുഴി വിപിയുപി സ്കൂളിൽ പഠനത്തിനെത്തുന്ന കുരുന്നുകളെ ഇനിമുതൽ ഗജവീരൻ സ്വാഗതമോതും. സ്കൂൾ പ്രവേശനകവാടത്തിനരുകിൽ ലക്ഷണമൊത്ത ആനയുടെ ശിൽപ്പം കുട്ടികൾക്കായി ഒരുക്കിയിരിക്കുകയാണു സ്കൂൾ അധികൃതർ. ആനപ്പേടിയുള്ള കുട്ടികൾക്കു മതിവരുവോളം ഈ ആനശിൽപ്പത്തിനടുത്തു സമയം ചിലവഴിക്കാം. മാത്രമല്ല ആനപ്പുറത്തു കയറുകയെന്ന വലിയൊരുമോഹം ലേശവും പേടികൂടാതെ കൂട്ടുകാർക്കൊപ്പം ഏറെ ഈസിയായി നിർവഹിക്കുകയുമാവാം. 

രണ്ടുലക്ഷത്തിലേറെ രൂപ ചിലവഴിച്ചു ഒന്നരമാസം കൊണ്ടാണു സ്കൂൾവളപ്പിലെ ആനയുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. പൂർണമായും കോൺക്രീറ്റിലാണു നിർമാണം. ആറുപേർക്കു ആനയുടെ മുകളിൽ ഇരിക്കാനാവുംവിധം ബലവത്തായി പൂർണമായും സിമന്റിൽ കോൺക്രീറ്റ് പില്ലറുകൾ വാർത്തതിനുശേഷമാണു ശിൽപ്പനിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. കലാഅധ്യാപകനും ചിത്രകാരനുമായ കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷാണു ശിൽപ്പി. നിലവിൽ ആനപ്രേമികളുടെ ഹരമായിട്ടുള്ള തെച്ചിക്കോട് രാമചന്ദ്രൻ, കടവൂർ ശിവരാജു എന്നീ ആനകളെ നേരിൽ കണ്ടശേഷമാണു ശിൽപ്പനിർമാണം ആരംഭിച്ചതെന്നു അഭിലാഷ് പറയുന്നു.

പതിനൊന്ന് അടി ഉയരമുള്ള ആനയുടെ ശിൽപ്പം ജില്ലയിൽ തന്നെ ആദ്യത്തേതാണ്. ഒറ്റനോട്ടത്തിൽ ജീവസുറ്റ ഗജവീരനെ  അടുത്തുകാണാനും ആനപ്പുറത്തുകയറാനും ഇനിയും ഒരുപാടു ദിവസങ്ങൾ തള്ളിനീക്കേണ്ടിവരുമല്ലോയെന്ന  വിഷമത്തിലാണു സ്കൂളിലെ കുട്ടികൾ.  ഇതിനിടെ ആനയുടെ നിർമാണം പൂർത്തിയായതറിഞ്ഞു ഒട്ടേറെ വിദ്യാർഥികൾ മാതാപിതാക്കളോടൊപ്പം സ്കൂളിലെത്തി ഗജവീരനെ കണ്ടു. സ്കൂൾ തുറന്നാൽ ആദ്യദിനംതന്നെ ആനപ്പുറത്തു കയറുകയെന്ന അടങ്ങാത്ത ആഗ്രഹങ്ങളും  പ്രതീക്ഷകളും പങ്കുവച്ചാണു ഏറെപ്പേരും സ്കൂളിൽ നിന്നും മടങ്ങിയത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com