ADVERTISEMENT

ബാലരാമപുരം∙ സഹപ്രവർത്തകയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച റസൽപുരം അനി നിവാസിൽ രാജേഷ് കുമാറിനെ(33) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30ന് ബാലരാമപുരം പരുത്തിച്ചക്കോണം ചാനൽ പാലത്തിന് സമീപം കൃഷ്ണ വിലാസത്തിൽ അഞ്ജലിയുടെ വീട്ടുമുറ്റത്താണ് സംഭവം. പൊള്ളലേറ്റ അഞ്ജലി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുമുറ്റത്തു അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.

രാജേഷിന് പൊള്ളലേൽക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആർ.മുരളീധരൻ പരാതി നൽകിയിട്ടുണ്ട്. ബവ്കോ ബാലരാമപുരം വെയർഹൗസിലെ സിഐടിയു ലോഡിങ് തൊഴിലാളിയായ രാജേഷ് കുമാറിന്റെ വിവാഹം നാലുമാസം മുൻപാണ് നടന്നത്. ലേബലിങ് യൂണിറ്റിലെ സ്ഥിരം ജീവനക്കാരിയാണ് അഞ്ജലി. തലയിലൂടെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം അഞ്ജലിയെയും അവരുടെ മൂത്ത മകനെയും ഇയാൾ കയറിപ്പിടിച്ചു. ഇതിനിടെയാണ് അഞ്ജലിക്ക് ഇരു കൈകളിലും കഴുത്തിലും മൂക്കിലും നെഞ്ചിലും പൊള്ളലേറ്റത്.

മകൻ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് സമീപവാസികൾ അറിയിച്ചതനുസരിച്ച് രാജേഷിന്റെ ബന്ധുക്കൾ എത്തി ആശുപത്രിയിലേക്ക് മാറ്റി. 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തി. രാജേഷിന്റെ ബൈക്കും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഴികളും ഫോൺ രേഖകളും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി രാജേഷിന്റെ ബന്ധുക്കൾ പറഞ്ഞു.

ആത്മഹത്യാശ്രമം ഭാര്യയ്ക്ക് ഇഷ്ടമുള്ള കണ്ണട ധരിച്ച്

രാവിലെ ആറര മണിയോടെ ഭാര്യ കൃഷ്ണ പ്രിയയെ വിളിച്ചുണർത്തി എനിക്ക് സ്വസ്ഥത വേണം, ഞാൻ പോകുന്നു എന്ന് പറഞ്ഞ് ഭാര്യയ്ക്ക് ഇഷ്ടമുള്ള കണ്ണടയും ധരിച്ചാണ് രാജേഷ് വീട്ടിൽ നിന്നിറങ്ങിയത്. എട്ടുമണിയോടെ രാജേഷിന്റെ സഹോദരൻ വിളിച്ചപ്പോഴാണ് എന്തോ അപകടം പറ്റിയെന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടിൽ നിന്നിറങ്ങിയ രാജേഷ് കാട്ടാക്കട റോഡിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയതായാണ് നിഗമനം. അത് അഞ്ജലിയുടെ വീടിന് സമീപത്തുവച്ച് തലയിൽ ഒഴിച്ചുകൊണ്ടാണ് സംഭവ സ്ഥലത്ത് എത്തുന്നത്. അഞ്ജലിയും മക്കളും മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്.

പെട്ടെന്ന് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരുടെ വിളിയും ബഹളവും കേട്ട് നാട്ടുകാർ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയത്. തുടർന്ന് തറയിൽ വീണുകിടന്ന രാജേഷിനെ അച്ഛനും സഹോദരനും എത്തി നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.  പെട്രോളിന്റെ ഒഴിഞ്ഞ കുപ്പിയും കുറച്ച് വസ്ത്രത്തിന്റെയും കരിഞ്ഞ മാംസത്തിന്റെയും അവശിഷ്ടം ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുകയാണ്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി രാജേഷിന്റെ ബന്ധുക്കൾ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com