മിയാവാക്കി ഇനി ഹരിതസ്മരണ; 80 ‘കുട്ടിക്കാടുകൾ’ നമുക്കും

കനകക്കുന്നിലെ സൂര്യകാന്തിയിൽ ഒരുക്കിയ മിയാവാക്കി വനം.
SHARE

തിരുവനന്തപുരം∙ കാടുകളുടെ അപ്പൂപ്പൻ, വിഖ്യാത ജാപ്പനീസ് പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഓർമയിൽ എൺപതോളം ‘കുട്ടിക്കാടുകൾ’ കേരളത്തിൽ പച്ചപുതച്ചു വളർന്നുയരുന്നു.  ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കേരളത്തിൽ സംഘടിപ്പിച്ച തന്റെ 92–ാം പിറന്നാൾ ആഘോഷമാണ് മിയാവാക്കി പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങ്. 

2020 ജനുവരി 28 ന് ചാല ഗവ.ഗേൾസ് ഹൈസ്കൂളിനകത്തു മിയാവാക്കിയോടുള്ള ആദരസൂചകമായി ഒരു കാടിനു രൂപം നൽകിക്കൊണ്ടായിരുന്നു ഹൃദ്യമായ ആ പിറന്നാൾ ആഘോഷം. കേരള ഡവലപ്മെന്റ് ആൻഡ് സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) ഏറ്റെടുത്ത പരിസ്ഥിതി പദ്ധതികളിൽ പ്രധാനമാണു മിയാവാക്കി വനവൽക്കരണം. കെ–ഡിസ്കിന്റെ ഇതിലെ ആദ്യ സംരംഭമായിരുന്നു ചാല സ്കൂളിലെ കാടു നിർമാണം.

ഇൻവിസ് മൾട്ടിമീഡിയ എന്ന സ്ഥാപനത്തിന്റെ സിഎസ്ആർ പ്രവർത്തന ഭാഗമായി ജീവനക്കാരും പരിസ്ഥിതി പ്രവർത്തകരും ചേർന്നു കാടിനുള്ള നിലമൊരുക്കി, നടാനുള്ള തൈകൾ എത്തിച്ചു. വിദ്യാർഥികൾ ആ ചെടികൾ നട്ടു. പരിപാലനം കെ–ഡിസ്ക്കും. 10 സെന്റിൽ 1603 ചെടികളാണ് ഇവിടെ നട്ടിരിക്കുന്നത്. മിയാവാക്കിയുടെ ശിഷ്യൻ ജപ്പാനിലെ യോക്കോഹാമ നാഷനൽ യൂണിവേഴ്സിറ്റിയിലെ പ്രഫ.ഫുജിവാറയെയും മിയാവാക്കിയുടെ പുസ്തക രചനയിലെ പങ്കാളി എൽജീൻ ഒ.ബോക്സിനെയും ആ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു. 

അവരാണ് ഉദ്ഘാടനം നിർവഹിച്ചത്. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന മിയാവാക്കി അപ്പൂപ്പൻ ‘സ്കൈപ്പി’ൽ പ്രത്യക്ഷപ്പെട്ടു തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ഭൂപടത്തിൽ മാത്രം കണ്ടിട്ടുള്ള കേരളത്തിൽ തന്റെ പിറന്നാൾ ഇപ്രകാരം ആഘോഷിക്കുന്നതിൽ അദ്ദേഹം ശരിക്കും അമ്പരന്നു. പൊട്ടിച്ചിരിച്ചും കൈ കൊട്ടിയും കുട്ടികളെപ്പോലെ ആഹ്ലാദിച്ചു.

അടുത്ത വർഷം സ്കൈപ്പിൽ വീണ്ടും കാണാമെന്ന് അറിയിച്ചു. പക്ഷേ അനാരോഗ്യം മൂലം അതു നടന്നില്ല. കഴിഞ്ഞ വർഷം ജപ്പാനിൽ മിയാവാക്കിയുടെ 92–ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ നിശ്ചയിച്ചിരുന്നു. പക്ഷേ കോവി‍ഡ് പിടിമുറുക്കിയതിനാൽ അതു നടന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനാൽ ഈ വർഷത്തെ ആഘോഷവും നടന്നില്ല.

കർശന കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രിയപ്പെട്ടവർക്ക് ഒരു നോക്കു പോലും കാണാനാകാതെ ഒടുവിൽ മിയാവാക്കി വിടവാങ്ങി. വിഖ്യാതമായ ബ്ലൂ പ്ലാനറ്റ് പ്രൈസ് 78 –ാം വയസ്സിൽ ഏറ്റുവാങ്ങി മിയാവാക്കി പറഞ്ഞു: എനിക്കിനിയും 30 കൊല്ലം കൂടി ജീവിക്കണം. ചെടികൾ നടാൻ. ജീവാരണ്യങ്ങൾ സൃഷ്ടിക്കാൻ. മറ്റൊന്നും എനിക്കു വേണ്ട.  15 വർഷം അദ്ദേഹം ആ വാക്കു പാലിച്ചു.

ആദ്യ മിയാവാക്കി കാട് തിരുവനന്തപുരത്ത്

പുളിയറക്കോണം മൂന്നാംമൂട്ടിലെ മൂന്നു സെന്റിലായിരുന്നു കേരളത്തിലെ ആദ്യ മിയാവാക്കി കാട്. ഇൻവിസ് മൾട്ടിമീഡിയ മാനേജിങ് ഡയറക്ടർ എം.ആർ.ഹരിയാണ് 2018 ജനുവരിയിൽ മിയാവാക്കി മാതൃക സ്വീകരിച്ചത്. മൂന്നു സെന്റിൽ അഞ്ഞൂറോളം ചെടികൾ. മൂന്നാം വർഷത്തിൽ 30 അടിയും പിന്നിട്ടു പൊങ്ങുകയാണ് ഈ മരങ്ങൾ.  പുളിയറക്കോണത്തെ മിയാവാക്കി കാട് വിജയിച്ചതോടെ ടൂറിസം വകുപ്പ് ഇത് ഏറ്റെടുത്തു.

നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഓർഗാനിക് കേരള മിഷൻ സൊസൈറ്റി, കൾച്ചറൽ ഷോപ്പെ എന്നീ സംഘടനകളാണു ടൂറിസം വകുപ്പിനു വേണ്ടി മിയാവാക്കി പദ്ധതി കൈകാര്യം ചെയ്യുന്നത്. ജനങ്ങൾക്കു മിയാവാക്കി മോഡൽ പരിചയപ്പെടുത്താൻ തിരുവനന്തപുരം കനകക്കുന്ന് വളപ്പിനകത്തും ഒരു കാടുണ്ട്. രണ്ടു വർഷം പ്രായമായ ഈ കാട് 5 സെന്റ് സ്ഥലത്ത് 426 ചെടികൾ തിങ്ങിനിറഞ്ഞതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.