ADVERTISEMENT

പോത്തൻകോട് ∙ ജീവിതം പടുത്തുയർത്തും മുൻപെ വിധി കവർന്നെടുത്ത സൂരജിനരികെ തന്നെ ഭാര്യ മിഥുനയ്ക്കും അന്ത്യവിശ്രമത്തിന് കുടുംബാംഗങ്ങൾ സ്ഥലമൊരുക്കി. നീണ്ട പ്രണയത്തിനൊടുവിൽ രണ്ടു വർഷം മുൻപായിരുന്നു ഇരുവരും ജീവിത പങ്കാളികളായത്. ഇക്കഴിഞ്ഞ 5നാണ് ‍പോത്തൻ‍കോട് അയിരൂപ്പാറ പാറവിളാകം അയ്യപ്പക്ഷേത്രത്തിന് സമീപം സൂര്യഭവനിൽ സുനിൽകുമാർ – മോളി ദമ്പതികളുടെ മകൻ സുധിയെന്ന് വിളിക്കുന്ന സൂരജ് (24) വാഹനാപകടത്തിൽ മരിച്ചത്. ഇതിനു പിന്നാലെ ഞായർ പുലർച്ചെ ശാസ്തവട്ടം കെകെവനം സുമാവിലാസത്തിൽ മിഥുന (22) വീടിനു സമീപത്തെ ചിറ്റിക്കര പാറക്കുളത്തിൽ ജീവനൊടുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 4.45 ന്  സൂരജിന്റെ കുഴിമാടത്തിനരികിൽ ഒരുക്കിയ ചിതയിൽ സംസ്കാരം കോവിഡ് നിബന്ധനകളോടെ നടന്നു. പരിശോധനയിൽ മിഥുനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അടുത്തു നിന്നും അവസാനവട്ടം അന്ത്യാഞ്ജലി അർപ്പിക്കാൻ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ കഴിഞ്ഞില്ല. എല്ലാവരെയും സാഹചര്യം പറഞ്ഞ്ബോ ധ്യപ്പെടുത്തുകയായിരുന്നു. തുടർ മരണങ്ങളുടെ നോവിൽ കഴിയുന്ന ഇവരെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ സമീപവാസികൾക്കും സുഹൃത്തുക്കൾക്കും കണ്ണീരോടെ മാറിനിൽക്കേണ്ടി വന്നു.

തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മിഥുനയെ നഴ്സിങ് പരിശീലനത്തിന് എത്തിച്ച് മടങ്ങവേയാണ് മുട്ടത്തറ കല്ലുംമൂട്ടിൽ വച്ച് അമിത വേഗതയിൽ എത്തിയ കാർ സൂരജ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ സൂരജ് മരിച്ചു.ഭർത്താവിന്റെ വേർപാടിൽ മനംനൊന്ത് കഴിഞ്ഞിരുന്ന മിഥുനയ്ക്ക് വീട്ടുകാർ വളരെയേറെ കരുതൽ നൽകിയിരുന്നു. എങ്കിലും മിഥുന തീരുമാനം നടപ്പാക്കുകയായിരുന്നു. 2019 സെപ്‌റ്റംബർ 8-ന് കാട്ടായിക്കോണം തെങ്ങുവിള ദേവീക്ഷേത്രത്തിലായിരുന്നു സൂരജിന്റെയും മിഥുനയുടെയും വിവാഹം. രണ്ടാം വിവാഹ വാർഷികത്തിന്റെ തൊട്ടടുത്ത ദിവസം വീട്ടുമുറ്റത്ത് നടന്നത് സൂരജിന്റെ മരണാനന്തര ചടങ്ങുകളായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക..അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summery: Young woman dies by suicide pothencode, cremated following covid norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com