ADVERTISEMENT

വെഞ്ഞാറമൂട്∙ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ തണുത്ത് വിറച്ച് ഗ്രാമങ്ങൾ. വെള്ളം കെട്ടിനിന്നും മരങ്ങൾ പിഴുത് വീണും വീടുകൾ തകർന്നു. വലിയ കോൺക്രീറ്റ് ഭിത്തികൾ തകർന്നു വീണ് ഗതാഗതം തടസ്സപ്പെട്ടു. പുല്ലമ്പാറ പ‍ഞ്ചായത്തിൽ വെള്ളുമണ്ണടി ബാലൻപച്ച കിഴക്കുംകര വീട്ടിൽ രത്നാവതിയമ്മയുടെ വീടിനു മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ വലിയ തെങ്ങു വീണ് മേൽക്കൂര പൂർണമായും നശിച്ചു .വെഞ്ഞാറമൂട് അഗ്നിശമനവിഭാഗമെത്തിയാണു തെങ്ങ് വെട്ടിനീക്കിയത്.

trivandrum-anil-house
കൊട്ടിയോട് കരിമ്പുവിളവീട്ടിൽ അനിൽകുമാറിന്റെ വീടും തൊഴുത്തും വെള്ളം കയറിയ നിലയിൽ .

വാമനപുരം പാലത്തിനു സമീപം ശാസ്താംഭാഗത്തു വീട്ടിൽ പത്മകുമാരിയുടെ വീട്ടിലേക്ക് വാമനപുരം നദിയിൽ നിന്നും വെള്ളം കയറി. വീടിനകത്തു വെള്ളം കെട്ടിനിന്നതിനാൽ ഇന്നലെ രാവിലെ 9ന് ഭിത്തി കുതിർന്ന് തകർന്നു വീണ് വീടു നശിച്ചു.വാമനപുരം കളമച്ചൽ റോഡിൽ നദിയിൽ നിന്നും റോഡിലേക്കു വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി. മാണിക്കൽ പ‍ഞ്ചായത്തിലെ പ്ലാക്കീഴ്, മത്തനാട്, പാറയ്ക്കലിനു സമീപം മൂളയം വിളക്കാട്,നെല്ലനാട് പ‍ഞ്ചായത്തിൽ നെല്ലനാട്, കോട്ടുകുന്നം ഏല എന്നിവിടങ്ങളിൽ വെള്ളം കയറി വിവിധ നാശങ്ങളുണ്ടായി.

കല്ലറ പഞ്ചായത്തിൽ പമ്മത്തിൻകീഴ് ഒറ്റക്കു താമസിക്കുന്ന വിമലമ്മ, സമീപവാസിയായ സത്യഭാമ എന്നിവരുടെ വീടുകളിലേക്ക് രാത്രിയിൽ നദിയിൽ നിന്നും വൻതോതിൽ വെള്ളം കയറി.ഇവരെ അധികൃതരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിച്ചു. പാങ്ങോട് പ‍ഞ്ചായത്തിൽ വട്ടക്കരിക്കകം വലിയവയൽ റോഡരികത്തു വീട്ടിൽ അനിൽകുമാറിന്റെ വീട്ടിലേക്ക് സമീപത്തെ തിട്ടയിൽ നിന്നും മണ്ണിടിഞ്ഞു വീണ് വീടിനു സാരമായി കേടുപറ്റി.

സിമന്റ് തൂണുകൾ ഒടിയുകയും വീടിന്റെ ഒരു വശം തകരുകയും ചെയ്തു.ഭരതന്നൂർ കൊച്ചുവയൽ തോട്ടിൽ നിർമിച്ചിരുന്ന സംരക്ഷണ ഭിത്തി മറിഞ്ഞ് അപകടകരമായ നിലയിൽ റോഡിലേക്ക് വീഴാറായ നിലയിലാണ്. തോട്ടിലെ വെള്ളം റോഡു വഴി ഒഴുകിക്കൊണ്ടിരിക്കുന്നു. മൈലമൂട് ഭാഗങ്ങളിൽ ചിറ്റാറിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ പ‍ഞ്ചായത്ത് അധികൃതർ സ്വീകരിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com