ADVERTISEMENT

തിരുവനന്തപുരം∙ കോട്ടയ്ക്കകത്തെ അഭേദാശ്രമം പ്ലാറ്റിനം ജൂബിലി നിറവിൽ. ആശ്രമ സ്ഥാപകൻ അഭേദാനന്ദ സ്വാമിയുടെ സമാധി ദിനമായ 29 മുതൽ ഒരു വർഷം നീളുന്ന പരിപാടികളോടെ 75–ാം വാർഷികം ആഘോഷിക്കും.1946 ൽ നെയ്യാറ്റിൻകരയ്ക്കടുത്ത് ആറയൂരിലാണ് ചട്ടമ്പിസ്വാമി സ്മാരക അഭേദാശ്രമത്തിന്റെ തുടക്കം.  1955 ഫെബ്രുവരി 24 ന് കോട്ടയ്ക്കകത്ത് പത്മതീർഥക്കരയിൽ അഭേദാശ്രമം സ്ഥാപിതമായി. അഭേദാനന്ദ  സ്വാമി ആരംഭിച്ച അഖണ്ഡനാമജപം 66 വർഷം പിന്നിടുകയാണ്.

ഒരു നിലവിളക്കിനു ചുറ്റും തംബുരുവേന്തിയ ഒരാൾ 24 മണിക്കൂറും ഇടവിടാതെ ഹരേ രാമ മന്ത്രം ഉരുക്കഴിക്കുന്നതാണ് രീതി.  കോട്ടയ്ക്കകം ആശ്രമത്തിൽ കോടിയർച്ചന, ആറയൂരിലും കോട്ടയ്ക്കകത്തും ഭാഗവത മേള, ഭജനോത്സവം, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്താറുണ്ട്.1909 ഏപ്രിലിൽ പാറശ്ശാല കൊടിവിളാകത്തു വീട്ടിലായിരുന്നു അഭേദാനന്ദസ്വാമിയുടെ ജനനം. വേലായുധൻപിള്ള എന്നായിരുന്നു പൂർവാശ്രമ നാമം. ഭാരതത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലെല്ലാം സഞ്ചരിച്ച് ഭജനയും സത്സംഗവും നടത്തി. ഉത്തരേന്ത്യൻ പര്യടനത്തിനിടയിൽ കണ്ട സ്വരൂപാനന്ദ സ്വാമിയിൽ നിന്നും സന്യാസം സ്വീകരിച്ചു.

ഒട്ടേറെ ശിഷ്യന്മാരുള്ള അദ്ദേഹം 1983 ഒക്ടോബർ 29 ന് സമാധിയായി.  29 ന് കോട്ടയ്ക്കകം അഭേദാശ്രമത്തിൽ രാവിലെ 11.30 ന് ഭജന. വൈകിട്ട് അനുസ്മരണ സമ്മേളനത്തിൽ വാഴൂർ തീർഥ പാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഗുരുദേവ കുടീരത്തിന്റെയും സത്സംഗം ഹാളിന്റെയും സമർപ്പണവും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com