ADVERTISEMENT

തിരുവനന്തപുരം∙ തമിഴ്നാട് എതിർക്കുമ്പോൾ തന്നെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുളള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിന്റെ നടപടികൾ അന്തിമഘട്ട‍ത്തിൽ. പുതിയ ഡിപിആർ ഡിസംബറിൽ സർക്കാരിന്റെയും കേന്ദ്ര ജല കമ്മിഷന്റെയും അംഗീകാരത്തിനായി കേരളം സമർപ്പിക്കും. 1,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡാം നിർമിക്കുന്നതു സംബന്ധിച്ച് പരിശോധനയുമായി മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് കേരളം ഡിപിആർ തയാറാക്കൽ തുടങ്ങിയത്.  നേരത്തെ തയാറാക്കിയ രൂപകൽപന(ഡിസൈൻ) പൂർണമായി മാറ്റും.. 

പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംസ്ഥാന ജലവിഭവ വകുപ്പിനു കീഴിലെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ്(ഐഡിആർബി) വിഭാഗമാണ്. കേന്ദ്ര ജല കമ്മിഷന്റെ മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഡിപിആർ തയാറാക്കുന്നത്. പുതിയ അണക്കെട്ടിന് തമിഴ്നാട് വർഷങ്ങളായി തടസ്സം നിൽക്കുകയാണ്. കേരളം 2011ൽ ഡിപിആർ തയാറാക്കിയെങ്കിലും തമിഴ്നാടിന്റെ എതിർപ്പിനെ തുടർന്നു നിർമാണ നടപടികൾ തുടക്കത്തിലേ മുടങ്ങി. പുതിയ അണക്കെട്ടു വേണ്ടെന്നും നിലവിലുള്ളത് ബലപ്പെടുത്തിയാൽ മതിയെ‍ന്നുമുള്ള കടുത്ത നിലപാടിലാണ് തമിഴ്നാട്.     

600 കോടി ചെലവിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതി‍നാണ് 10 വർഷം മുൻപു ഡിപിആർ തയാറാക്കിയത്. 4 വർഷത്തിനുള്ളിൽ അണക്കെട്ടു നിർമിക്കാ‍നാകും എന്നായിരുന്നു ശുപാർശ. മണ്ണു പരിശോധനയും മറ്റും കേരളം സമയബന്ധിതമായി പൂർത്തിയാക്കി. തമിഴ്നാട് എതിർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ നിർമാണം തടസ്സപ്പെട്ടു. തമിഴ്നാടിന്റെ അനുമതിയോടെ മുല്ലപ്പെരിയാറിൽ കേരളത്തി‍നു പുതിയ അണക്കെട്ടു നിർമിക്കാമെന്നു സുപ്രീംകോടതി നിർദേശിച്ചെങ്കിലും തമിഴ്നാട് അനുമതി നൽകിയിട്ടില്ല. അതേസമയം, ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പുതിയ ഡാം നടപടികളുമായി മുന്നോട്ടു പോകാനാണ് കേരളത്തിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com