ADVERTISEMENT

ഈണമൂറുന്ന പാട്ടുകളുടെ തൂലികാകാരൻ ബിച്ചു തിരുമലയ്ക്ക് അന്ത്യാഞ്ജലി.വരികളിൽ പട്ടുനൂലിഴ ചേർത്ത ആ ഗാനങ്ങൾബിച്ചുവിനെ എക്കാലവും ഓർമിപ്പിക്കും..

ഈണത്തോട് അത്രമേൽ ഇണങ്ങിയ വരികൾ

തിരുവനന്തപുരം∙ ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയ സിനിമ 1975ൽ റിലീസായ അക്കൽദാമയാണ്. നടൻ മധു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും...’ എന്ന ഗാനം ബിച്ചുവിനു മലയാള സിനിമാലോകത്ത് പാട്ടെഴുത്തിന്റെ നീലാകാശമാണു തുറന്നു കൊടുത്തത്. അതിനു കാരണക്കാരനായ ശ്യാമിന്റെ സംഗീതത്തിലാണു ബിച്ചു ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. പാട്ടിന്റെ ഈണത്തിനനുസരിച്ചു വരികളെഴുതാൻ ബിച്ചുവിനു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വരികളുടെ പേരിൽ സംഗീത സംവിധായകനുമായി ഒരു പരിഭവത്തിനും ഇടയുണ്ടായിട്ടില്ല. ശ്യാം കഴിഞ്ഞാൽ ഏറ്റവുമധികം സഹകരിച്ചത് എ.ടി.ഉമ്മറുമായാണ്.

ഇളയരാജ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക പ്രമുഖ സംഗീതസംവിധായകർക്കൊപ്പവും ഗാനങ്ങൾ ചെയ്തു. ആദ്യമായി മലയാള സിനിമയിൽ സംഗീതം ചെയ്യാനെത്തിയ (യോദ്ധ) എ.ആർ.റഹ്മാനു പോലും ഇണങ്ങുന്നതായിരുന്നു ബിച്ചു തിരുമലയുടെ വരികൾ. ഫാസിൽ, ഐ.വി.ശശി, സിബി മലയിൽ, സിദ്ദീഖ്–ലാൽ, ബാലചന്ദ്രമേനോൻ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുത്ത് ബിച്ചു ആയിരുന്നു.സംഗീതം അത്രമേൽ പ്രിയപ്പെട്ടതായിരുന്നതുകൊണ്ടാണു ബിച്ചു തിരുമലയുടെ വരികൾ ഈണത്തോട് അത്രമേൽ ഇണങ്ങിയത്. കവി കണ്ണദാസനാണ് മാനസഗുരു. അദ്ദേഹത്തിൽ നിന്നു പാഠമുൾക്കൊണ്ടാണ് സ്വന്തമായ ശൈലി രൂപീകരിച്ചത്.

പാട്ടുകൊണ്ടു പേരിട്ടയാൾ

സിനിമയ്ക്കായി എഴുതിയ പാട്ടിലെ വരി അതേ സിനിമയുടെ പേരായി മാറിയ അപൂർവത ഒന്നല്ല, പലവട്ടം അവകാശപ്പെടാനുണ്ടായിരുന്നു ബിച്ചു തിരുമലയ്ക്ക്. തേനും വയമ്പും നാവിൽ തൂവും വാനമ്പാടി എന്നു ബിച്ചു എഴുതിയപ്പോൾ സംവിധായകൻ അശോക് കുമാർ ആ സിനിമയ്ക്കു ‘തേനും വയമ്പും’ എന്നു പേരിട്ടു. ഫാസിലിന്റെ ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’നു മാത്രമല്ല, ‘മണിച്ചിത്രത്താഴി’നും ബിച്ചു തിരുമല പാട്ടിലൂടെ പേരിട്ടു. കമലിന്റെ ‘ഉണ്ണികളേ ഒരു കഥ പറയാം’, തേവലക്കര ചെല്ലപ്പന്റെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്നിവയ്ക്കും പേരായതു ബിച്ചുവിന്റെ വരി.

അവസാന പാട്ട് പ്രതിഫലം വാങ്ങാതെ

tvm-bichu-song

തിരുവനന്തപുരം∙ ഭജഗോവിന്ദത്തിൽ തുടങ്ങിയ ബിച്ചു തിരുമലയുടെ സിനിമാ ഗാന രചനയിലെ അവസാന പാട്ട് 2018 ൽ പുറത്തിറങ്ങിയ 'ശബ്ദം' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. പ്രതിഫലം വാങ്ങാതെയായിരുന്നു ആ അവസാന പാട്ടെഴുത്ത്. കളിമൺപാത്ര നിർമാണം ജീവനോപാധിയാക്കിയ ‘ചക്രപാണി’ എന്ന ബധിരന്റെ കഥ പറയുന്ന ചിത്രമാണ് പി.കെ.ശ്രീകുമാർ സംവിധാനം ചെയ്ത ശബ്ദം.

കഥാ പശ്ചാത്തലം പറഞ്ഞപ്പോൾ അര മണിക്കൂറിനുള്ളിലാണ് ബിജിബാലിന്റെ ഈണത്തിനനുസരിച്ച് ‘ഒന്നുമില്ലാത്തവർക്കെല്ലാം കൊടുക്കുവോ...’ എന്നു തുടങ്ങുന്ന ഗാനം എഴുതിത്തന്നതെന്നു ശ്രീകുമാർ പറഞ്ഞു. പതിവു പോലെ ഭാര്യയെ പാടിക്കേൾപ്പിച്ച ശേഷമാണ് പാട്ട് അണിയറ പ്രവർത്തകർക്കു കൈമാറിയത്. സ്വന്തം രേഖാ ചിത്രമുള്ള ലെറ്റർപാഡിൽ എഴുതിയ ഗാനത്തിനു മുകളിൽ ‘ആ‍ഞ്ജനേയാ കാത്തീടണേ...’ എന്ന  വരിയും കുറിച്ചിരുന്നു. 2018 ഓഗസ്റ്റ് ഏഴിനായിരുന്നു ബിച്ചുവിന്റെ ആ അവസാന സിനിമാ ഗാനം പിറന്നത്. 

അമ്മമാർക്ക് കുഞ്ഞുങ്ങളെ ഉറക്കാൻ ‘കണ്ണാം തുമ്പി...’ ; ബിച്ചുവിനെ നിദ്രയിൽനിന്ന് ഉണർത്തിയതും..

തിരുവനന്തപുരം∙ എത്രയോ അമ്മമാർ കുഞ്ഞുങ്ങളെ ഉറക്കാനായി വാത്സല്യത്തോടെ പാടിയിട്ടുള്ള ‘കണ്ണാം തുമ്പി പോരാമോ...’ എന്ന പാട്ടാണ് അതെഴുതിയ ബിച്ചു തിരുമലയെ 11 ദിവസം നീണ്ട അബോധാവസ്ഥയിൽ നിന്നു ജീവിതത്തിലേക്കു ഉണർത്തിക്കൊണ്ടു വന്നത്! 1994ൽ വീടിന്റ ഒന്നാം സൺഷെയ്ഡിൽ നിന്നു ബിച്ചു വീണു കിടന്നപ്പോഴായിരുന്നു ആ സൂപ്പർ ഹിറ്റ് പാട്ടിന് അങ്ങനെയൊരു നിയോഗം.

1994ലെ ക്രിസ്മസ് തലേന്നു മകനായി നക്ഷത്രം കെട്ടിത്തൂക്കാൻ വീടിന്റെ സൺഷെയ്ഡിൽ കയറിയതായിരുന്നു ബിച്ചു. കാലുതെറ്റി താഴെ വീണു. ഗുരുതരമായ പരുക്കായിരുന്നു. 11 ദിവസം ബോധമില്ലാതെ തീവ്ര പരിചരണ വിഭാഗത്തിൽ. ബോധത്തിലേക്കു തിരിച്ചു കൊണ്ടു വരാനായി പ്രിയ എഴുത്തുകാരന്റെ ഇഷ്ട ഗാനങ്ങളെയാണ് ഡോക്ടർമാരും ആശ്രയിച്ചത്. പല പാട്ടുകളും കേൾപ്പിച്ചു. അതിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. ഒടുവിൽ ‘കണ്ണാം തുമ്പി..’ പാട്ട് കേൾപ്പിച്ചിട്ട് ഇതെഴുതിയതാരെന്ന് ചോദിച്ചപ്പോഴാണ് ഞാനാണ് എന്ന് ബിച്ചു പ്രതികരിച്ചത്. ആ നീണ്ട നിദ്രയിൽ നിന്ന് ഉണർത്തിയത് അങ്ങനെയാണെന്നു ബിച്ചു പറഞ്ഞിട്ടുണ്ട്.

ഒരു മാസത്തോളം കഴിഞ്ഞാണ് ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങിയത്. കണ്ണാം തുമ്പി... തൊട്ടുണർത്തിയ ബോധവുവുമായി പിന്നീടും അദ്ദേഹം അനേകം സൂപ്പർ ഹിറ്റു ഗാനങ്ങൾ എഴുതി. ചെറുപ്പത്തിൽ രാമായണവും ഭാഗവതവും അടക്കം ഹൃദിസ്ഥമാക്കിയതായിരുന്നു ബിച്ചുവിന്റെ പദസമ്പത്തിന്റെ അടിസ്ഥാനം. മഹാ കവികളുടെയെല്ലാം കവിതകൾ മനഃപാഠമാക്കിയ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട കവിതയായിരുന്നു ചങ്ങമ്പുഴയുടെ ‘ബാഷ്പാഞ്ജലി’. ബിച്ചുവിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ ‘ആയിരം കണ്ണുമായി...’ എഴുതാൻ വഴികാട്ടിയായതും ആ കവിതയാണ്. ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്...’ എന്ന ചിത്രത്തിൽ മുത്തശ്ശിയും പേരക്കുട്ടിയുമായി അടുപ്പം വ്യക്തമാക്കുന്ന ഒരു തീം സോങ് വേണമെന്നായിരുന്നു സംവിധായകൻ ഫാസിലിന്റെ ആവശ്യം.

സംഗീത സംവിധായകൻ ജെറി അമൽദേവിനൊപ്പം പലതും പരീക്ഷിച്ചു നോക്കിയെങ്കിലും ഉദ്ദേശിച്ച പോലെ ആവാതെ വന്നപ്പോൾ രണ്ടാഴ്ച കഴിഞ്ഞ് നോക്കാം എന്നായി ഫാസിൽ. അതോടെ ബിച്ചുവും ജെറിയും നിരാശരായി. ആ മൂഡൊന്നു മാറാനായി ബാഷ്പാഞ്ജലിയിലെ  ‘ശ്യാമളേ സഖീ ഞാനൊരു വെറും കാനനത്തിലെ പൂവല്ലേ...’ എന്ന പ്രിയപ്പെട്ട വരികൾ ബിച്ചു പാടി. അതു കേട്ടതും അതുപോലൊരു പാട്ടാണ് വേണ്ടതെന്നായി സംവിധായകൻ. എങ്കിൽ കുറച്ച് സമയം തരൂ എന്നായി ബിച്ചു. അൽപ സമയം കഴിഞ്ഞ് ഫാസിൽ മടങ്ങിയെത്തുമ്പോൾ ഈ ഈണവും അതിനനുസരിച്ച് ഹൃദ്യമായ വരികളും പിറന്നിരുന്നു. ‘ആയിരം കണ്ണുമായ്...’ എന്ന ആ പാട്ട് സംവിധായകന്റെ മാത്രമല്ല, സംഗീതാസ്വാദകരുടെയെല്ലാം മനസ്സ് നിറച്ചു.

എന്റെ പ്രിയപ്പെട്ട ബിച്ചു ഗാനം...

കെ.ജയകുമാർ
‘പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ...’
പഴന്തമിഴ് പാട്ട്, ഇഴയുക, പഴയൊരു തംബൂരു എന്നീ വാക്കുകളിലൂടെ എത്ര എളുപ്പത്തിലാണ് പഴയൊരു കാലം സൃഷ്ടിച്ചിരിക്കുന്നത്.ആരും ഉപയോഗിക്കാത്ത വാക്കുകൾ എടുത്തു പ്രയോഗിക്കാനുള്ള തന്റേടം. നിയന്ത്രണമില്ലാത്ത ഭാവന.വയലാറിനു ശേഷം സിനിമ ഗാന രംഗത്ത് ആ വിടവ് നികത്തിയത് ബിച്ചു തിരുമലയാണ്.

കമൽ
‘നീല ജലാശയത്തിൽ...’
പ്രണയാതുരമായ ആ ഗാനത്തിൽ കവിതയും സംഗീതവും ഒരുപോലെ സമന്വയിക്കുകയാണ്. യേശുദാസും എസ് .ജാനകിയും പാടിയത് ഒന്നിനൊന്നു മനോഹരവും.

ശ്യാമപ്രസാദ്
‘പടകാളി ചണ്ഡി ചങ്കരി...’
അർഥ രഹിതമായ വാക്കുകൾകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന രചനാ വൈഭവം ആ പാട്ടിലുണ്ട്. വാക്കുകളുടെ അസാധ്യമായ കളിയാണത്. താളത്തിനു തുല്യം ചേരുന്ന വാക്കുകളുടെ അക്രോബാറ്റിക്സ്.

എം.ജയചന്ദ്രൻ
‘നീല ജലാശയത്തിൽ...’
സിനിമയിൽ ഗാനം എന്താണെന്നും കവിതയിൽ നിന്ന് അതെങ്ങനെ വ്യത്യസ്തമാണെന്നും കൃത്യമായി നിർവചിക്കുന്ന പാട്ടാണ് അത്.

പ്രഭാ വർമ
‘ആയിരം കണ്ണുമായ്...’
കാത്തിരിപ്പ് എന്ന സങ്കൽപത്തെ ഇത്ര സർഗാത്മകമായി നിർവചിച്ച മറ്റൊരു കവിതയും എനിക്കറിയില്ല.

സൂര്യ കൃഷ്ണമൂർത്തി
‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ...’
എല്ലാ പ്രായത്തിലുള്ളവരും ഒരുപോലെ ഏറ്റെടുത്ത ഗാനമാണിത്. സാഹിത്യം ഒരുപാടില്ലെങ്കിലും ജന ഹൃദയത്തിൽ എളുപ്പത്തിൽ സ്ഥാനം പിടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com