ADVERTISEMENT

തിരുവനന്തപുരം∙ എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊണ്ട കവിയാണ് സുഗതകുമാരിയെന്നും ദേശീയബോധവും മാനവികതയും മനുഷ്യത്വവും നിറഞ്ഞതാണ് അവരുടെ കവിതകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സുഗതകുമാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അഭയ നടത്തിയ സ്മരണാഞ്ജലി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ സംഭാവനകൾകൊണ്ടു മാത്രം സുഗതകുമാരിയെ അളക്കാൻ കഴിയില്ല. അഗതികളുടെ സംരക്ഷണത്തിനായും സ്ത്രീപക്ഷ നിലപാടുകൾ കൊണ്ടും പരിസ്ഥിതി സംരക്ഷണത്തിനായും അവർ മുന്നണിയിൽ തന്നെ നിലകൊണ്ടു എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി പുഷ്പാർച്ചന നടത്തി. സുഗതകുമാരിക്കായി സ്മാരകം പണിയുമെന്നും അതിന്റെ ആദ്യ നടപടികൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. അഭയയുടെ പ്രസിഡന്റ് പി.എ.അഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കവി വി.മധുസൂദനൻ നായർ, അഭയയുടെ സെക്രട്ടറിയും സുഗതകുമാരിയുടെ മകളുമായ ലക്ഷ്മീദേവി, ജോയിന്റ് സെക്രട്ടറി ഡോ.എം.ആർ.തമ്പാൻ, ട്രഷറർ ഡെയ്സി ജേക്കബ് എന്നിവരും പ്രസംഗിച്ചു.

‘സുഗത സ്മൃതി’ പദ്ധതി ഉദ്ഘാടനം

കവി സുഗതകുമാരി, തോൽക്കുന്ന യുദ്ധങ്ങളിലെ പടയാളി അല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ടീച്ചറുടെ ചിന്തകളും എഴുത്തും മലയാളിക്ക് മറക്കാനാവില്ല എന്നതാണ് അവർ ജയിച്ചുവെന്നതിനു തെളിവെന്നും അദ്ദേഹം പറഞ്ഞു. ബോധേശ്വരൻ സ്മരണ സമിതി, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎയുടെയും സ്വദേശാഭിമാനി ജേണലിസ്റ്റ് ഫോറത്തിന്റെയും അമാസ് കേരളയുടെയും സഹകരണത്തോടെ നടത്തിയ ‘സുഗത സ്മൃതി’യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ അധ്യക്ഷനായി. വിജയികൾക്കുള്ള സമ്മാന വിതരണം കെ. ആൻസലൻ എംഎൽഎയും പുരസ്കാര വിതരണം സി.കെ. ഹരീന്ദ്രൻ എംഎൽഎയും നിർവഹിച്ചു.  ബോധേശ്വരൻ ഫൗണ്ടേഷൻ ട്രഷറർ വി. കേശവൻകുട്ടി, നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ ജെ. ജോസ് ഫ്രാങ്ക്ലിൻ, പിടിഎ പ്രസിഡന്റ് സജി കൃഷ്ണൻ, നെയ്യാറ്റിൻകര സിഐ: വി.എൻ. സാഗർ, പ്രസ് ക്ലബ് സെക്രട്ടറി സജിലാൽ, പ്രിൻസിപ്പൽ ദീപ, ഹെഡ്മിസ്ട്രസ് ആനി ഹെലൻ, സുമ, ആർ. സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com