ADVERTISEMENT

തിരുവനന്തപുരം∙ സമാനതകളില്ലാത്ത പോരാട്ടത്തിലൂടെ തിരികെ സ്വന്തമാക്കിയ കുഞ്ഞിനെ സാക്ഷിയാക്കി അനുപമ ചന്ദ്രനും അജിത്തും നിയമപരമായി വിവാഹിതരായി. അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയതിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയരായ ഇരുവരും ഇന്നലെ ഉച്ചയ്ക്കു പട്ടം സബ്് റജിസ്ട്രാർ ഓഫിസിലാണ് വിവാഹിതരായത്. പരമ്പരാഗത ചടങ്ങുകളൊന്നുമില്ലായിരുന്നു. ഒരു വയസ്സായ കുഞ്ഞിനൊപ്പമാണ് ഇരുവരും എത്തിയത്.

ഏതാനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. കുഞ്ഞിനെ തിരികെ കിട്ടിയതിനു പിന്നാലെയാണ് ഇരുവരും റജിസ്റ്റർ വിവാഹത്തിനായി അപേക്ഷ നൽകിയത്. കുഞ്ഞുമൊത്തു പുതിയ ജീവിതത്തിലേക്കു കടക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ചെറിയൊരു ചടങ്ങായും വിവാഹം നടത്താൻ താൽപര്യമുണ്ടെന്നും ഇരുവരും പറഞ്ഞു. വിവാഹത്തിനു മുൻപ് അനുപമയ്ക്കു ജനിച്ച കുഞ്ഞിനെ അവരുടെ മാതാപിതാക്കൾ സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ കടത്തിയെന്ന പരാതി വൻ കോളിളക്കമാണു സൃഷ്ടിച്ചത്.

ദത്ത് നടപടികളുടെ ഭാഗമായി ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്നു കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയിരുന്നു. അനുപമ ശിശുക്ഷേമ സമിതിക്കു മുന്നിൽ സമരം ആരംഭിച്ചതോടെ കുഞ്ഞിനെ തിരികെ എത്തിക്കാതെ നിർവാഹമില്ലെന്നായി. പ്രത്യേക സംഘം പോയി കൊണ്ടുവന്ന കുഞ്ഞ് അനുപമയുടെയും അജിത്തിന്റേതുമാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമായി. തുടർന്നാണു കുഞ്ഞിനെ ഇവർക്കു തിരികെ നൽകിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു നിയമ നടപടികളിലാണ് അനുപമ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com