ADVERTISEMENT

കോവളം∙ പീഡനം സഹിക്കാനാകാതെ ഞാൻ പറഞ്ഞു: ഞങ്ങൾ തന്നെയാണ് അവളെ കൊന്നത്. അപ്പോൾ, എങ്ങനെ കൊന്നു എന്നു പറയണമെന്നായി. ഞാൻ എന്തു പറയാനാണ്.. തടി കൊണ്ടു തലയ്ക്കടിച്ചു എന്നു പറഞ്ഞു. ആ തടിക്കഷണം പൊലീസിനു വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാൽ എടുത്തോണ്ടു പോയി. ഒരു കൊല്ലമായി ‍ഞങ്ങൾ നരകിക്കുന്നു. നാട്ടുകാരെല്ലാം കൊലപാതകികളായാണു കാണുന്നത്. സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല.. 

ആഴാകുളത്തെ വീട്ടിൽ നരകത്തീയിലായിരുന്നു വയോധികരും രോഗികളുമായ ആ ദമ്പതികൾ. അവരുടെ കണ്ണീരിനും പ്രാർഥനകൾക്കും ഫലം കണ്ടതു കഴിഞ്ഞ ദിവസം. വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ 2 ദിവസം മുൻപ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകൻ ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോൾ ഇന്നലെ അവർ കുറ്റസമ്മതം നടത്തി: ഒരു വർഷം മുൻപ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

2021 ജനുവരി 14 നായിരുന്നു സംഭവം. കൃത്യം ഒരു വർഷം തികയുന്ന  കഴിഞ്ഞ 14നാണ് ഇരുവരും മുല്ലൂരിലെ വയോധികയെ കൊലപ്പെടുത്തുന്നതെന്നതും യാദൃശ്ചികതയായി. വയോധികരായ ദമ്പതികളുടെ വളർത്തു മകളായിരുന്നു ബാലിക. കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഇവരുടെ വീടിനടുത്തു 4 വർഷം പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്നു. രക്ഷിതാക്കൾ തൊഴിലുറപ്പു ജോലിക്കു പോകുന്ന സമയത്തു ഷെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു.

വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോൾ ഷെഫീക് പ്രകോപിതനായി. റഫീക്ക ബാലികയുടെ മുടി കുത്തിപ്പിടിച്ചു ചുമരിൽ ഇടിച്ചെന്നും ഷെഫീക് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പൊലീസ് പറയുന്നത്.  വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അന്നു വൈകിട്ടു തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കൾക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം. പരിധി വിട്ടു മൂന്നാം മുറയിലേക്കും നീങ്ങി. ‘‘പല തവണ ചോദ്യം ചെയ്തു. ഭർത്താവിന്റെ ഉള്ളംകാലിൽ ചൂരൽ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി. വിരലുകളിൽ സൂചി കുത്തുമെന്നു പറഞ്ഞു.

മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോൾ സഹിക്കാനായില്ല. ഞങ്ങൾക്കു വയസ്സായി. ജയിലിൽ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്’’– കാൻസർ ബാധിതയായ ആ അമ്മ പറഞ്ഞു. എന്നാൽ നുണപരിശോധനയ്ക്കുള്ള അനുമതി കിട്ടാത്തതും തെളിവുകളുടെ അഭാവവും മൂലം അറസ്റ്റിലേക്കു കടന്നില്ല.  വിഴിഞ്ഞം മുല്ലൂർ പനവിള സ്വദേശിനി ശാന്തകുമാരി(71)യെ കൊലപ്പെടുത്തിയ സംഭവത്തിലാണു റഫീക്കയും മകൻ ഷെഫീക്കും അറസ്റ്റിലായത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജി അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com