ADVERTISEMENT

വിതുര∙ പെരിങ്ങമ്മല, വിതുര ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് റൂറൽ പൊലീസ് ജില്ലാ മേധാവി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഊരുകളിലെത്തും. മരിച്ച പെൺകുട്ടികളുടെ രക്ഷാകർത്താക്കൾ, സുഹൃത്തുക്കൾ, ആത്മഹത്യാ കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചു സംഘം തെളിവുകൾ ശേഖരിക്കും. വിഷയത്തിൽ വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടു മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. 

മരിച്ച പെൺകുട്ടികൾ എല്ലാം പഠനത്തിൽ മിടുക്കരായിരുന്നുവെന്നത് ഊരുകളിൽ ശക്തമാകുന്ന ലഹരി മാഫിയ സംഘങ്ങളിലേക്ക് അന്വേഷണത്തെ വഴിതിരിച്ചുവിടുന്നു. പെരിങ്ങമ്മല ഇടിഞ്ഞാർ വിട്ടിക്കാവ് ഊരിലെ പതിനേഴുകാരി, അഗ്രിഫാം ഒരുപറ കരിക്കകം ഊരിലെ പതിനാറുകാരി, അഗ്രിഫാം മേഖലയിലെ തന്നെ ഒരുപറ ഉൗരിലെ പത്തൊൻപതുകാരി, വിതുര ആനപ്പാറ നാരകത്തിൻകാല ഊരിലെ പതിനെട്ടുകാരി എന്നിവർ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആണു ആത്മഹത്യ ചെയ്തത്. വിതുര ചെമ്പിക്കുന്ന് ഊരിലെ പതിനെട്ടുകാരി ശ്രീകാര്യത്തെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതും ഈയിടെയാണ്. ഇതിൽ മൂന്ന് സംഭവങ്ങളിലെ പ്രതികൾ അറസ്റ്റിലായി.

രണ്ടു പ്രതികൾ ആദിവാസി മേഖലയ്ക്കു പുറത്തുള്ളവരാണ്. ആസൂത്രിതമായി ആദിവാസി ഊരുകളിലെ പൊൺകുട്ടികളെ ലക്ഷ്യം വയ്ക്കുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും. നിലവിൽ ലൈംഗിക ചൂഷണത്തിന് ഉൾപ്പെടെ വിധേയരായ പെൺകുട്ടികൾ ഊരുകളിൽ ഉണ്ടെന്നും പലരും പേടിച്ചു പുറത്തു പറയാത്തതാണെന്നും വിവരമുണ്ട്. ഇതു കണ്ടെത്താൻ കൗൺസലിങ് വിദഗ്ധരുടെ ഉൾപ്പെടെ സഹായം തേടും.  കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണം നടത്താനും  അത്യാവശ്യ സമയത്തു നിയമ സഹായം തേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള സാഹചര്യം ഒരുക്കാനും പദ്ധതികൾ ആവിഷ്കരിക്കും. 

എക്സൈസ് ജോയിൻറ് കമ്മിഷണർ വീടുകൾ സന്ദർശിച്ചു

പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും മേഖലയിൽ മദ്യവും മയക്കു മരുന്നും പിടിമുറുക്കുന്നതായുമുള്ള ‘മനോരമ’ വാർത്തയെ തുടർന്നു എക്സൈസ് ജോയിൻറ് കമ്മിഷണർ ആർ. ഗോപകുമാർ ആത്മഹത്യ നടന്ന വീടുകൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്ന് വീടുകളിലാണ് സന്ദർശനം നടത്തിയത്. മദ്യത്തിൻെയും മയക്കുമരുന്നിൻെയും സാന്നിധ്യം കണ്ടെത്താനും മേഖലയിൽ ബോധവൽക്കരണം നൽകാനും നടപടി സ്വീകരിക്കുമെന്നു ഗോപകുമാർ  പറ‍ഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com