ADVERTISEMENT

പാലോട് (തിരുവനന്തപുരം)∙ രണ്ടു മാസത്തിനിടെ തിരുവനന്തപുരം ജില്ലയിൽ 5 ആദിവാസി പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതീവ പരിഗണന അർഹിക്കുന്ന ആദിവാസി മേഖലയിൽ സർക്കാർ സംവിധാനങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്നും ഇവിടെ ലഹരി സംഘം പിടിമുറുക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്ത പെരിങ്ങമ്മലയിലെ ഒരുപറകരിക്കകം, വിട്ടിക്കാവ് എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ആൺകുട്ടികളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള റാക്കറ്റ് ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. പുറത്തു നിന്നുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇവിടേക്ക് എത്തുന്നതു സംശയാസ്പദമാണ്. വിശദമായ അന്വേഷണത്തിനു സർക്കാർ തയാറാകണം.

ആദിവാസികളുടെ ഉന്നമനത്തിനുള്ള പദ്ധതികളിലും സർക്കാർ രാഷ്ട്രീയം കലർത്തുകയാണ്. മരിച്ച കുട്ടികളുടെ വീട്ടിൽ ട്രൈബൽ ഓഫിസർ ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ട അധികൃതർ ആരും എത്തിയില്ല. മരിച്ച അഞ്ചു കുട്ടികളുടെയും കുടുംബത്തിനു സർക്കാർ ധനസഹായം നൽകണമെന്നു സതീശൻ ആവശ്യപ്പെട്ടു. മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കൾ പ്രതിപക്ഷ നേതാവിനു മുൻപിൽ കണ്ണീരോടെ കാര്യങ്ങൾ വിവരിച്ചു. പ്രതീക്ഷയോടെ പോറ്റി വളർത്തി പൊടുന്നനെ നഷ്ടപ്പെട്ടതിനെക്കുറിച്ചു സങ്കടപ്പെട്ടവർക്കു വാക്കുകൾ പൂർത്തിയാക്കാൻ പോലുമായില്ല.

എസ്ടി പ്രമോട്ടർമാർ തിരിഞ്ഞു നോക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. സമഗ്രമായ അന്വേഷണത്തിലൂടെ നീതി ലഭ്യമാക്കാൻ സർക്കാരിനു മേൽ സമ്മർദം ചെലുത്തുമെന്നു പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി. അടൂർ പ്രകാശ് എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആദിവാസി ഊരുകളിലെ അഞ്ചു പെൺകുട്ടികളുടെ ആത്മഹത്യയ്ക്കു പിന്നിലെ ദുരൂഹത മനോരമ ന്യൂസ് ആണു പുറത്തു കൊണ്ടുവന്നത്.

പ്രതിപക്ഷ നേതാവിനു മുന്നിൽ ദുഃഖഭാരം ഇറക്കിവച്ച് രക്ഷിതാക്കൾ

പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ ആത്മഹത്യയെക്കുറിച്ചു തിരക്കാനും കുടുംബങ്ങളെ ആശ്വസിപ്പിക്കാനുമെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു മുൻപിൽ ദു:ഖഭാരം ഇറക്കിവച്ചു പെൺകുട്ടികളുടെ കുടുംബം. മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേദന സങ്കടക്കടലായി മാറി. ഒരുപറ കരിക്കകത്തെ മകൾ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം അണപൊട്ടിയപ്പോൾ കണ്ടു നിന്നവർ തലകുമ്പിട്ടു.

ഏറെ നേരം എല്ലാവരും നിശ്ശബ്ദരായി. പ്രതിപക്ഷ നേതാവിനു മുൻപിൽ നാട്ടുകാർ പരാതികളുടെ കെട്ടഴിച്ചു. എസ്ടി പ്രമോട്ടർമാർ തിരിഞ്ഞു നോക്കുന്നില്ലെന്നും പട്ടികവർഗ വകുപ്പിന് പദ്ധതികൾ നടത്തി അഴിമതി നടത്താനാണ് താൽപര്യമെന്നും തുടങ്ങി പുറത്തു നിന്നുള്ളവരുടെ കടന്നു കയറ്റം നിയന്ത്രിക്കാത്തതും മദ്യവും കഞ്ചാവും വ്യാപകമാവുന്നതുമടക്കം ആവലാതികൾ നേതാവിനെ അറിയിച്ചു. 

ആദിവാസി മേഖലയിൽ പുറത്തുനിന്നുള്ളവർ കടന്നുകയറുന്നതും,  മദ്യവും മയക്കു മരുന്നും വ്യാപിക്കുന്നത് ആത്മഹത്യയിലേക്കു നയിക്കുന്നതും ‘മനോരമ’ വാർത്തയാക്കിയിരുന്നു.   വാർത്തയെ തുടർന്നു കഴിഞ്ഞ ദിവസം റൂറൽ എസ് പി ദിവ്യ വി. ഗോപിനാഥും എക്സൈസ് ജോയിന്റ് കമ്മിഷണർ ആർ. ഗോപകുമാറും ആത്മഹത്യ നടന്ന വീടുകൾ സന്ദർശിച്ചിരുന്നു. പെരിങ്ങമ്മല ഇടിഞ്ഞാർ വിട്ടിക്കാവിൽ പതിനേഴുകാരിയും ഒരുപറകരിക്കകത്ത് പതിനാറുകാരിയും പത്തൊൻപതുകാരിയുമാണ് ദുരൂഹതയിൽ ആത്മഹത്യ ചെയ്തത്.

പ്രതിപക്ഷ നേതാവിനൊപ്പം അടൂർ പ്രകാശ് എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരിനാഥൻ, പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, ജില്ലാ പഞ്ചായത്ത് അംഗം സോഫിതോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീർഷാ പാലോട്, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പൊൻപാറ സതീഷ് എന്നിവരുമുണ്ടായിരുന്നു. 

പട്ടികവർഗ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം∙ പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം കലക്ടർ, ജില്ലാ പൊലീസ് മേധാവി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ എന്നിവരോട് അടിയന്തരമായി റിപ്പോർട്ട് ലഭ്യമാക്കാൻ നിർദേശിച്ചു. 

മാധ്യമങ്ങൾക്ക് അഭിനന്ദനം

പാലോട്∙ ആദിവാസി മേഖലയിൽ നടക്കുന്ന ഒരു പ്രശ്നവും സർക്കാർ സംവിധാനങ്ങൾ അറിയുന്നില്ലെന്നും മാധ്യമങ്ങൾ പുറത്തു കൊണ്ടു വരുമ്പോഴാണു എന്തെങ്കിലും നടപടികൾ കാട്ടിക്കൂട്ടുന്നതെന്നും പെരിങ്ങമ്മലയിലും വിതുരയിലും നടന്ന ആത്മഹത്യകൾ പ്രാദേശിക മാധ്യമ പ്രവർത്തകർ പുറം ലോകത്തെ അറിയിച്ചില്ലായിരുന്നുവെങ്കിൽ ഇതു ആവർത്തിക്കുമായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com