ബവ്കോ ഒഴിവാക്കിയ സുരക്ഷാ ജീവനക്കാരെ ‘തിരിച്ചെടുത്ത്’ സ്ഥിരം ജീവനക്കാർ

Bevco
SHARE

തിരുവനന്തപുരം∙ അനാവശ്യ സാമ്പത്തിക ഭാരമുണ്ടാക്കുന്നുവെന്നു കണ്ടു ബവ്കോ ഒഴിവാക്കിയ സുരക്ഷാ ജീവനക്കാരെ സ്വന്തം ചെലവിൽ ‘തിരിച്ചെടുത്ത്’ ഒരു വിഭാഗം സ്ഥിരം ജീവനക്കാർ. ജോലിഭാരം കുറയ്ക്കാനെന്ന പേരിൽ പല മദ്യശാലകളിലെയും കൗണ്ടറുകളിൽ ഇവരെ ജോലിക്കു നിയോഗിച്ചെന്നും ജീവനക്കാർ പിരിവിട്ട് ദിവസവേതനം നൽകിയെന്നും കണ്ടെത്തി. പൊതുമേഖലാ സ്ഥാപനത്തിൽ സ്ഥിരം ജീവനക്കാർ പിരിവെടുത്ത് താൽക്കാലിക ജീവനക്കാരെ ജോലിക്കു വച്ച സംഭവം അധികൃതരെ ഞെട്ടിച്ചു.

ഹെഡ് ഓഫിസിൽനിന്നുള്ള നിർദേശമില്ലാതെ ആരെയും ജോലിക്കു വയ്ക്കരുതെന്നും നിർദേശം ലംഘിച്ചാൽ റീജനൽ മാനേജർമാർക്കെതിരെ നടപടിയെടുക്കുമെന്നും സിഎംഡി താക്കീത് നൽകി. 2017ലാണു സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ രണ്ടു സ്വകാര്യ ഏജൻസികൾക്കു ബവ്കോ കരാർ നൽകിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഹ്രസ്വകാലത്തേക്കു മദ്യശാലകളിലെ കൗണ്ടറിൽ നിയമിക്കപ്പെട്ടവരെയാണു പിന്നീട് പലയിടത്തും ഏജൻസിയുടെ സുരക്ഷാ ജീവനക്കാരാക്കിയത്. എന്നാൽ ജോലി കൗണ്ടറുകളിൽ തന്നെയായിരുന്നു.

മദ്യശാലകളിൽ സിസിടിവി സ്ഥാപിക്കുകയും ഇൻഷുറൻസ് ഏർപ്പെടുത്തുകയും ചെയ്തിട്ടും സുരക്ഷാ ജീവനക്കാർ തുടർന്നു പോന്നു. കഴിഞ്ഞ വർഷം 42 കോടി രൂപയാണ് ഏജൻസികൾക്കു ബവ്കോ നൽകിയത്. ഒരു ജീവനക്കാരനു മണിക്കൂറിന് 69 രൂപ വീതം ബവ്കോ ഏജൻസിക്കു നൽകിയപ്പോൾ 42 രൂപ മാത്രമാണ് ജീവനക്കാർക്കു  ലഭിച്ചത്. ബവ്കോയ്ക്കു സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നു മാത്രമല്ല, ഇടനിലക്കാരുടെ സാമ്പത്തിക ചൂഷണവും നടക്കുന്നുവെന്നു കണ്ടതോടെയാണ് ഡിസംബർ 23നു ശേഷം ഏജൻസികളുടെ സേവനം വേണ്ടെന്ന് എംഡി എസ്.ശ്യാംസുന്ദർ ഉത്തരവിട്ടത്. 

എന്നാൽ ഇവരെ ഒഴിവാക്കാൻ പല മദ്യശാലകളിലെയും ജീവനക്കാർ തയാറായില്ല. ആൾക്ഷാമവും അധിക ജോലിഭാരവുമാണു കാരണമായി പറഞ്ഞത്. സ്ഥിരം ജീവനക്കാർ പിരിവെടുത്ത് ശരാശരി 500 രൂപയാണ്  ദിവസവേതനം നൽകിപ്പോന്നത്. ഇതോടെയാണ്, ഒഴിവാക്കാൻ ആവശ്യപ്പെട്ടവരിൽ ആരെങ്കിലും തുടർന്നാൽ റീജനൽ മാനേജർക്കു പിടിവീഴുമെന്ന സിഎംഡിയുടെ മുന്നറിയിപ്പ്.12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും രാത്രിയിൽ തിരക്കു വർധിക്കുന്നതു താങ്ങാനാകുന്നില്ലെന്നും ജീവനക്കാർ പറയുന്നു. സ്റ്റാഫ് പാറ്റേൺ അനുസരിച്ചു ജീവനക്കാരെ നിയമിക്കുന്നില്ലെന്നാണ് ആരോപണം.

പിഎസ്‍സി വഴി ജോലിക്കു കയറിയവരിൽ കൂടുതൽ പേർ തെക്കൻ ജില്ലകളിൽ നിന്നായതിനാൽ ഇവർ മറ്റു ജില്ലകളിൽ ജോലി ചെയ്യാൻ തയാറാകുന്നില്ല. 86 അധിക കൗണ്ടറുകൾ തുറന്നതിന്റെ ഭാഗമായി അടുത്തിടെ 86 പേരെ വിവിധ ജില്ലകളിലേക്കു സ്ഥലം മാറ്റിയെങ്കിലും പലരും ചുമതലയേൽക്കാതെ അവധിയിലാണ്. കോവിഡ് വ്യാപനം മൂലം പല മദ്യശാലകളും അടച്ചതിനാൽ, അവിടുത്തെ തിരക്കുകൂടി സമീപത്തെ മദ്യശാലയിലുണ്ടാകുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ആളെയെടുക്കാനുള്ള തീരുമാനം നടപ്പായിട്ടില്ല. വിൽപനയും ജീവനക്കാരുടെ അനുപാതവും പരിശോധിച്ചു വരികയാണെന്നു സിഎംഡി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA