ADVERTISEMENT

തിരുവനന്തപുരം ∙ വ്യാപനം അതിരൂക്ഷമായ ജില്ലയിൽ ഇന്നലെ 5684 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1206 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45.8%. രോഗം സ്ഥിരീകരിച്ച് 40,701 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് രോഗവ്യാപനം അതിതീവ്രം. രണ്ടിൽ ഒരാൾക്ക് കോവിഡ് ഉണ്ടെന്നാണ് കണ്ടെത്തൽ. ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇന്നു നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇന്നലെ കോവിഡ് വിലക്ക് ലംഘനത്തിന് 59 കേസുകളിലായി 28 പേർ അറസ്റ്റിലായി.

10 വാഹനങ്ങൾ പിടികൂടി. സിറ്റിയിൽ 47 കേസുകളിലായി 20 പേരും റൂറലിൽ 12 കേസുകളിലായി 8 പേരുമാണ് പിടിയിലായത്. കോർപറേഷനിലെ കവടിയാർ റസിഡന്റ്സ് അസോസിയേഷൻ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ്, വട്ടപ്പാറ ഈസ്റ്റ്, കരയലാത്തുകോണം, പ്ലാത്തറ, വെങ്കോട്, ആറാം കല്ല്, കരകുളം, മുക്കോല, ഏണിക്കര, കല്ലയം, മരുതൂർ, കഴുനാട് എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.

ഇവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് 5 വരെയും റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ 7 മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായും തുറക്കാം. ഡൈൻ-ഇൻ അനുവദിക്കില്ല. മറ്റു കടകൾ അടച്ചിടും. ചന്തകൾക്ക് പ്രവർത്തന അനുമതിയില്ല. ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ പ്രവർത്തിക്കാം. ഈ സോണുകളിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.

മെഡിക്കൽകോളജ് ആശുപത്രിയിൽ നിയന്ത്രണം

കോവിഡ് വ്യാപനത്തെ തുടർന്നു തിരക്ക് കുറയ്ക്കാനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇന്നു മുതൽ ഒപി ടിക്കറ്റ് വിതരണം രാവിലെ 8 മുതൽ 12 വരെയായി ചുരുക്കി. ചികിത്സയ്ക്ക് എത്തുന്ന രോഗി അവശ നിലയിലാണെങ്കിൽ രണ്ടു പേരെയും മറ്റുള്ള രോഗികൾക്ക് ഒരാളെയും സഹായിയായി അനുവദിക്കും. സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com