ADVERTISEMENT

തിരുവനന്തപുരം∙ ഇതുവരെ ആശ്രയമേകിയ വീട് വിട്ടിറങ്ങിയപ്പോൾ അശ്വതിയുടെയും ശ്രീലക്ഷ്മിയുടെയും കണ്ണുകൾ നിറഞ്ഞെങ്കിലും പുതിയ ജീവിതം തുന്നിച്ചേർക്കാനുള്ള യാത്രയാണെന്ന് ആശ്വസിപ്പിച്ചപ്പോൾ ഇരുവരും കരച്ചിലടക്കി. വാത്സല്യവും കരുതലുമായി നേർവഴി നയിച്ച ശ്രീ ചിത്ര പൂവർഹോം അധികൃതരോടും ഇതുവരെ കൂട്ടായുണ്ടായിരുന്ന അന്തേവാസികളോടും യാത്ര പറഞ്ഞ് ഇരുവരും ഇറങ്ങി. ഇനി  പുതിയ ജീവിതം. കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ശ്രീ ചിത്ര പൂവർഹോമിൽ  അന്തേവാസികളായിരുന്ന രണ്ടു പെൺകുട്ടികളുടെ വിവാഹമാണ് ഇന്നലെ നടന്നത്. 

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൽ.ജെ. അശ്വതി പൂവർ ഹോമിൽ അന്തേവാസിയായി എത്തുന്നത്. പ്ലസ് ടു വരെ പഠിച്ച ശേഷം തയ്യൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാരിപ്പള്ളിയിലെ ക്ഷേത്ര ശാന്തിയാണ് അശ്വതിയുടെ ജീവിതസഖാവ് വിഷ്ണുദത്ത്. പുത്തൻകുളം കരിംപാലൂർ കാനാതാരിൽ മഠത്തിൽ പരേതനായ എസ്.ആർ.ശ്രീകുമാറിന്റെയും എ.ജയശ്രീയുടെയും മകൻ. ദത്തെടുത്തു വളർത്തിയിരുന്ന ദമ്പതികൾ പ്രായാധിക്യത്താൽ വലഞ്ഞപ്പോഴാണ് എം. ശ്രീലക്ഷ്മിക്ക് 15–ാം വയസിൽ പൂവർ ഹോം ആശ്രയമായത്. ബികോം പഠനം പൂർത്തിയാക്കിയ ശ്രീ ലക്ഷ്മിയും തയ്യലിൽ മികവു തെളിയിച്ചു. വരൻ ബി.വിശാൽ പെയിന്റിങ് കോൺട്രാക്ടറാണ്. പാച്ചല്ലൂർ ഏറുവിളാകത്തു മേലെ വീട്ടിൽ കെ. ബാലചന്ദ്രന്റെ മകൻ. 

സ്പോൺസർഷിപ്പു വഴി ലഭിച്ച 10 പവന്റെ സ്വർണാഭരണങ്ങൾക്കു പുറമേ പൂവർ ഹോമിന്റെ വകയായി 6 ലക്ഷം രൂപ അശ്വതിക്കും ശ്രീലക്ഷ്മിക്കും സമ്മാനമായി നൽകി. ജീവനോപാധിയായി ഇരുവർക്കും ഓരോ തയ്യൽ യന്ത്രവും നൽകി. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം, കൗൺസിലർ എസ്.രാജേന്ദ്രൻ നായർ, ജില്ലാ വനിതാ ശിശു വികസന ഓഫിസർ സബീന ബീഗം, ശ്രീ ചിത്ര പൂവർ ഹോം സൂപ്രണ്ട് എസ്.ജെ.സുജ എന്നിവർ വധൂവരൻമാർക്കു ആശംസയേകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com