കാണാതായ ദമ്പതികളെ ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി

Mail This Article
പാറശാല∙കാണാതായ ദമ്പതികളെ പാറശാലക്കു സമീപം ട്രെയിനിൽ നിന്ന് വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ ആർ.എസ് ഭവനിൽ ആർ.രവി (72), ഭാര്യ കെ.ലീല (64) എന്നിവരെ 20 മുതൽ കാണാതായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3.00 നാണ് തിരുച്ചിറപ്പള്ളി–കൊല്ലം ഇന്റർസിറ്റി ട്രെയിനിൽ നിന്ന് കൊറ്റാമത്തിന് സമീപം വീണ നിലയിൽ കണ്ടെത്തിയത്. വീഴ്ചയിൽ ലീലയുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. രവിയുടെ കാൽ ഒടിഞ്ഞ നിലയിൽ ആണ്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോൾ ബോഗിയുടെ വാതിലിനു സമീപം നിൽക്കവേ ലീല തല കറങ്ങി പുറത്തേക്ക് വീണു. ഇതു കണ്ട് ഒപ്പം ചാടി എന്നാണ് ഭർത്താവ് പാറശാല റെയിൽവേ പൊലീസിനു നൽകിയ വിശദീകരണം. തമിഴ്നാട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ നാല് ദിവസം മുൻപാണ് പുലിപ്പാറയിൽ താമസിക്കുന്ന മകന്റെ വീട്ടിൽ എത്തിയത്. 20ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. വൈകിയും കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഇരുവരും ഒാട്ടോയിൽ നെടുമങ്ങാട് എത്തിയതായി വിവരം ലഭിച്ചു. മൊബൈൽ ഫോൺ, വസ്ത്രങ്ങൾ ഒന്നും കൊണ്ടുപോയിരുന്നില്ല.