ADVERTISEMENT

തിരുവനന്തപുരം ∙ പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം തട‍സപ്പെടുത്തിയതിനെത്തുടർന്ന്  പേട്ട സ്റ്റേഷൻ ഹൗസ് ഓഫിസറെ, വനിതാ മജിസ്ട്രേറ്റ് ചേംബറിൽ വിളിച്ചു വരുത്തി ശാസിച്ചു.  ഓഫിസർ മജിസ്ട്രേറ്റിനോട് മാപ്പപേക്ഷിച്ചതോടെ പോകാൻ അനുവദിച്ചു. ചാക്ക–പേട്ട റോഡിൽ പൊലീസ് തന്നെ കയർ കെട്ടി വാഹനങ്ങൾ തടയുകയും സമരാനുകൂലികൾ റോഡിൽ ഒത്തുകൂടി പ്രകടനം നടത്തി‍ ഗതാഗതം തട‍സപ്പെടുത്തുകയും ചെയ്തതോടെ വഞ്ചിയൂർ കോടതിയിൽ പോകാനായി എത്തിയ ജ്യൂഡീഷ്യൽ ഒന്നാം ക്ലാസ്  മജിസ്ട്രേറ്റ്(രണ്ട് ) അനീസയുടെ യാത്ര തടസ്സപ്പെടുകയായിരുന്നു.

പ്രകടനം നടക്കുന്നതിനാൽ ഈഞ്ചയ്ക്കൽ വഴി വഞ്ചിയൂരിലേക്ക് പോകണമെന്ന് പൊലീസ്  ആവശ്യപ്പെട്ടെങ്കിലും പേട്ട വഴി മാത്രമേ പോ‍കൂവെന്ന് മജിസ്ട്രേറ്റ് നിലപാടെടുത്തു.  മജിസ്ട്രേറ്റി‍ന്റെ വാഹനം സമരക്കാർ തടഞ്ഞില്ല. ഗതാഗതം തടസ്സപ്പെട്ടതോടെ പതിവുളള 10 മണിക്കു പകരം  11 മണിക്കു മാത്രമാണ്  മജിസ്ട്രേറ്റ് കോടതിയിലെത്തിയത്.  തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ റിയാസ് രാജയെ  മജിസ്ട്രേറ്റ് ഫോണിൽ വിളിച്ച് വിശദീകരണം തേടി. 

സമരക്കാർക്ക് സഹായം ഒരുക്കാനാണോ പൊലീസ് നിൽക്കുന്നതെന്നും ഗതാഗതം സുഗമമാക്കുകയാണ് പൊലീസിന്റെ ദൗത്യമെന്നു ഹൈക്കോടതി ഉത്തരവ് അറിയില്ലേയെന്നും ചോദിച്ചതോടെ സ്റ്റേഷൻ ഹൗസ് ഓഫിസർ  മജിസ്ട്രേറ്റിന് മുന്നിലെത്തി.   സാധാരണ സമരവും പ്രകടനവും ഉണ്ടാകുമ്പോൾ സെക്ര‍ട്ടേറിയേറ്റിന്  മുന്നി‍ലടക്കം വാഹനങ്ങൾ വഴി തിരിച്ചുവിടാറുണ്ടെന്നും വാഹനങ്ങൾ തടഞ്ഞതിനും പൊതുനിരത്തിൽ സമരം നടത്തിയതിനും സിപിഎം  പ്രവർത്തകരടക്കം 13 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചതോടെയാണ് മജിസ്ട്രേറ്റ് ഇദ്ദേഹത്തെ പോകാൻ അനുവദിച്ചത്. ഇതേക്കുറിച്ച് പക്ഷേ പേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രതികരിക്കാൻ തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com