നെയ്യാറ്റിൻകര ∙ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തു നിന്ന് പുല്ലുവിള പള്ളം മാർക്കറ്റിൽ വിൽക്കാൻ എത്തിച്ച പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകൾ ചേർന്നു നടത്തിയ പരിശോധനയിലാണ് 250 കിലോഗ്രാം ‘ചേമീൻ’ വിഭാഗത്തിൽ പെടുന്ന മീൻ പിടിച്ചെടുത്തു നശിപ്പിച്ചത്. പള്ളത്തെ ഫിഷ് മാർക്കറ്റിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിനു മത്സ്യം എത്തിക്കുന്നുണ്ട്. ഇവ കേടാകാതിരിക്കാൻ രാസ വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്നലെ പുലർച്ചെ മുതൽ കോവളം, നെയ്യാറ്റിൻകര, പാറശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ ഇവിടെ എത്തി പരിശോധന തുടങ്ങി. ഒട്ടേറെ സാമ്പിളുകളും ശേഖരിച്ചു. ഇതിനിടെയാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഇവ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മത്സ്യ വിൽപനക്കാർ ആദ്യം എതിർത്തു എങ്കിലും പിന്നീട് ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്ത കേസ് ആകുമെന്നു തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥരുമായി സഹകരിച്ചു.
കോവളം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ സി.വി. വിജയകുമാർ, നെയ്യാറ്റിൻകര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ പി.എസ്. അഞ്ജു, പാറശാല ഫുഡ് സേഫ്റ്റി ഓഫിസർ വി.എസ്. ഷിനി, നെയ്യാറ്റിൻകര സർക്കിൾ ഓഫിസ് അസിസ്റ്റന്റ് ആർ. ചന്ദ്രൻ, പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞു ബാവ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ വി. ദിലീപ് കുമാർ, കാഞ്ഞിരംകുളം അഡി. എസ്ഐ: റോയ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.