ADVERTISEMENT

തിരുവനന്തപുരം∙ ഉയർന്ന വൈദ്യുതി ഉപയോഗ സമയത്തു ജലവൈദ്യുത പദ്ധതികളിലൂടെ 400 മെഗാവാട്ട് ലഭിച്ചാൽ വൈദ്യുതി നിരക്കു വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകു‍മെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ കേരളം വൻ പ്രതിസന്ധി നേരിടുമെന്നും 200 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതികൾ ഇൗ വർഷം തന്നെ പൂർത്തിയാക്കാനാകുമെന്നും സംസ്ഥാന ഉൗർജ മേഖലയെക്കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

2021–’22 സാമ്പത്തിക വർഷം കെഎസ്ഇബി 1466 കോടി രൂപയുടെ പ്രവർത്തന ലാഭം നേടിയെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇടുക്കി രണ്ടാം ഘട്ടം, ശബരിഗിരി ഉൾപ്പെടെ 1500 ൽ അധികം മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികൾ, 3000 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികൾ എന്നിവ ഉടൻ നടപ്പാക്കും. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് തൽക്കാലം ആലോചിക്കുന്നി‍ല്ല. 2021–’22 ൽ വൈദ്യുതി ഉപയോഗം 25,416 ദശലക്ഷം യൂണിറ്റ് ആയിരുന്നു. അതിൽ 10,516 ദശലക്ഷം യൂണിറ്റ് ആഭ്യന്ത‍രമായി ഉൽപാദിപ്പിച്ചു. 14,900 ദശലക്ഷം യൂണിറ്റ് പുറത്തു നിന്നു വാങ്ങി. വാങ്ങുന്നതിൽ ഏറിയ പങ്കും കൽക്കരി നിലയങ്ങളിൽ നിന്നാ‍ണ്.

ഇടുക്കിയിൽ ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ 52 പൈസ മാത്രമാണു ചെലവ്. പുറത്തു നിന്നു വാങ്ങുമ്പോൾ യൂണിറ്റിന് 20 രൂപ നൽകണം. മിതമായ നിരക്കിൽ വൈദ്യുതി വിതരണം സാധ്യമായാൽ സംസ്ഥാന‍ത്തു വ്യവസായ വികസനം ഉറപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ പ്രവർത്തന ലാഭവും വൈദ്യുതി നിരക്കു പരിഷ്‌‍കരണവും തമ്മിൽ ബന്ധമില്ലെന്നു ചെയർമാൻ ബി.അശോക്‌ പറഞ്ഞു. കെഎസ്ഇബിയുടെ പരിഷ്കരിച്ച ലോഗോ മന്ത്രി കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേ‍ഷ്കുമാർ സിൻഹ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com