ADVERTISEMENT

തിരുവനന്തപുരം ∙ ഗർഭിണികളുടെയും ശിശുക്കളുടെയും ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ചേർക്ക‍ണമെങ്കിൽ ചുമതലപ്പെട്ട ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ‍ക്ക് നല്ല ‘ആരോഗ്യം’ വേണം. വിവരങ്ങൾ ശേഖരിച്ച് സബ് സെന്ററിലെ രണ്ടേ മുക്കാൽ കിലോ ഭാരമുള്ള ആർസി‍എച്ച് ബുക്കിൽ എഴുതിച്ചേർത്ത ശേഷം ആഴ്ചയിലൊരിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സാമൂഹികാരോഗ്യ കേന്ദ്രത്തിലോ എത്തിച്ച് അവിടെയുള്ള കംപ്യൂട്ടർ സൗകര്യം അനുസരിച്ചാണ് ഓൺലൈനിൽ റജിസ്റ്റർ ചെയ്യേണ്ടത്.

ആരോഗ്യ മേഖലയെ കടലാസ് രഹി‍തമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമ്പോഴാണ് വിവരങ്ങൾ ഓൺലൈന‍ിലാക്കാൻ പോലും  ബുദ്ധിമുട്ടുന്നതെ‍ന്ന് കേരള ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇവർ സമരത്തിലാണ്. പിഎ‍ച്ച്എൻ ട്യൂട്ടർ സ്ഥാനക്കയറ്റ ഉത്തരവ് മരവിപ്പിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കുക, സ്പെഷൽ റൂൾ ഭേദഗതി ചെയ്ത് ഡി‍പിഎച്ച്എൻ, എംസിഎച്ച് ഓഫിസർ ഒഴിവുകൾ നികത്തുക, എഫ്എച്ച്എസ് ട്രെയ്നിങ് ഉടൻ പുനരാരംഭിക്കുക, ജെ‍പിഎച്ച്എൻ ഗ്രേഡ് 1 പ്രൊ‍മോഷൻ ഉടൻ നടത്തുക തുടങ്ങിയ 12 ഇന ആവശ്യങ്ങളുന്നയിച്ച് യൂണിയൻ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. 

6 മുതലാണ് ഡയറക്ട‍റേറ്റിനു മുന്നിൽ രാപകൽ സമരം തുടങ്ങിയത്. നാളെ മുതൽ സമരം അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഇന്നലത്തെ സമരം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.നജിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗം പി.ശ്രീകുമാർ, ജില്ലാ -മേഖലാ നേതാക്കളായ ജെ.ശിവരാജൻ, എസ്.അജയകുമാർ, സതീഷ് കണ്ടല, സഹൻദാസ്, പി.ആർ. അജി, ഷൈൻദാസ്, മുബാറക്ക് റാവുത്തർ തുടങ്ങിയവർ പ്രസംഗിച്ചു.  സമരത്തിന് ഐക്യദാർഢ്യവുമായി ജോയിന്റ് കൗൺസിൽ തിരുവനന്തപുരം ജില്ലാ വനിതാകമ്മിറ്റി പ്രകടനം നടത്തി. നേതാക്കളായ ആർ.സിന്ധു, യൂ.സിന്ധു, ആർ.സരിത, എസ്. ദേവികൃഷ്ണ, ചാന്ദിനി, ഒ.വി.ദീപ, ഉഷാദേവി, ജി.എസ്. സരിത എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com