അതിർത്തി കടന്ന് ടൺകണക്കിന് റേഷനരി; കേരളത്തിൽ കൂടിയ വിലയ്ക്കു വിൽപന

ration-rice-sacks
SHARE

പാറശാല∙ തമിഴ്നാട്ടിൽ നിന്നു ദിവസവും അതിർത്തി കടന്നെത്തുന്നത് ടൺകണക്കിനു റേഷനരി. കളിയിക്കാവിളയ്ക്കു സമീപം ഇഞ്ചിവിളയിൽ പ്രവർത്തിക്കുന്ന ചില ഗോഡൗണുകളിലേക്ക് ആണ് രാപകൽ ഭേദമില്ലാതെ അരി എത്തുന്നത്. പരിശോധകരുടെ കണ്ണ് വെട്ടിക്കാൻ ഇരുചക്ര, പാസഞ്ചർ വാഹനങ്ങളിൽ കേരളത്തിലേക്കുള്ള ഇടറോഡുകൾ വഴിയാണ് കടത്ത്. തമിഴ്നാട്ടിൽ സൗജന്യ നിരക്കിൽ ലഭിക്കുന്ന അരി തുച്ഛമായ വില നൽകി വാങ്ങി കിലോക്കു 12 രൂപയ്ക്കാണ് കടത്തുകാർ ഗോഡൗണുകളിൽ വിൽക്കുന്നത്.

ഗോഡൗണുകളിൽ സംഭരിക്കുന്ന റേഷനരി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മില്ലുകളിൽ എത്തിച്ച് പോളിഷും നിറവും നൽകി ബ്രാൻഡഡ് അരികളുടെ ചാക്കുകളിലാക്കി നാൽപത് രൂപ വരെ വിലയ്ക്കാണ് വിൽപന.  തമിഴ്നാട്ടിൽ നിന്ന് അരി എത്തിക്കാൻ സ്ത്രീകൾ അടക്കം വൻ നിര തന്നെയുണ്ട്. ഗോഡൗണുകളിൽ എത്തുന്നത് റേഷനരി ആയതിനാൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവരുടെ സഹകരണത്തോടെ ആണ് പ്രവർത്തനം.

രണ്ടാഴ്ചയ്ക്കകം പാറശാല പെ‍ാലീസ് അരി കടത്തിയ മൂന്ന് വാഹനങ്ങളും രണ്ട് പേരെയും പിടികൂടി.  പെ‍ാലീസ് വാഹനത്തിൽ നിന്ന് 13000 രൂപ കൈക്കൂലി പിടിച്ചെടുത്ത സംഭവവും അരി കടത്തു സംഘവും തമ്മിൽ  ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ട്. അമിത ലോഡുമായി എത്തുന്ന ലോറിക്കാരിൽ നിന്ന് പണം വാങ്ങിയതിനെ‍ാപ്പം അരി കടത്തുകാരിൽ നിന്നുള്ള പടിയുടെ വിവരങ്ങൾ അടക്കം വിജിലൻസ് അന്വേഷിച്ചിരുന്നു. ഇതിന് അടുത്ത ദിവസം ആണ് അരി ലോറി പിടികൂടുന്നത്. മാസങ്ങൾക്ക് മുൻപ് രാത്രി ഇഞ്ചിവിളയിൽ ഒതുക്കിയിട്ട ടിപ്പർ ലോറിയിൽ നിന്ന് ഒരു ലോഡ് അരി പെ‍ാലീസ് കണ്ടെത്തി എങ്കിലും വാഹനം സ്റ്റേഷനിൽ എത്തിയില്ല. 

കൈമടക്ക് വാങ്ങുന്നതിൽ ‘വിദഗ്ധ’നെന്ന് സഹപ്രവർത്തകർ തന്നെ വിലയിരുത്തുന്ന പ്രദേശവാസിയായ ഒരു പെ‍ാലീസ് ഡ്രൈവറുടെ ഇടപെടലിൽ സംഭവം ഒതുക്കി തീർത്തു. പാറപ്പെ‍ാടി, മെറ്റൽ ലോറികളിൽ നിന്ന് പടി ഇനത്തിൽ 200 രൂപ ലഭിക്കുമ്പോൾ റേഷനരി കടത്ത് പിടിച്ചാൽ ഉദ്യോഗസ്ഥർ പറയുന്നതാണ് തുക. ഇഞ്ചിവിളക്കു സമീപം സദാ ജാഗരൂകരായി നിൽക്കുന്ന ജിഎസ്ടി ഇന്റലിജൻസ് ഉദ്യേ‍ാഗസ്ർക്കും മൂക്കിനു താഴെ എത്തുന്ന റേഷനരി വാഹനങ്ങൾ കാണാൻ കഴിയാറില്ല. ലാഭം കൂടിയതോടെ കടത്ത് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും വർധിച്ചിട്ടുണ്ട്.

ഒരു മാസം മുൻപ് കോഴിവിളയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലും കാരണം നീളുന്നത് അരി കടത്ത് സംഘങ്ങൾ തമ്മിലെ പ്രശ്നങ്ങളാണ്. ഒരു വർഷം മുൻപ് ഇഞ്ചിവിളയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഗോഡൗണിനു മുന്നിൽ നിന്ന് കടത്തുകാർ രാത്രി എത്തിച്ച ഒരു ടണ്ണോളം അരി പ്രാദേശിക ഗുണ്ടകൾ കടത്തിയിരുന്നു. ഒരേ സ്ഥലത്ത് നിന്നു രണ്ടു തവണ അരി തട്ടിയെടുത്തിയിട്ടും റേഷനരി ആയതിനാൽ ഉടമയ്ക്ക് പരാതിയില്ല. അതിർത്തിക്ക് സമീപം പ്രവർത്തിക്കുന്ന അര ഡസനോളം അരി ഗോഡൗണുകളിൽ ഒരെണ്ണത്തിനു മാത്രം ആണ് ലൈസൻസുള്ളത്. റേഷനരി കടത്ത് പരസ്യമായി നടന്നിട്ടും തമിഴ്നാട്, കേരള സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ ഇടപെടാത്തതിനു പിന്നിലും പടിയുടെ മണമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA