ADVERTISEMENT

തിരുവനന്തപുരം∙ വാക്കുകളെക്കാൾ അനേകായിരം മടങ്ങു വാചാലമായി ആ മൗനം കാൽനൂറ്റാണ്ടു പിന്നിടുന്നു.  ശബ്ദവും സംഗീതവുമില്ലാതെ ജീവിക്കാൻ വിധി‍ക്കപ്പെട്ടവരെ, ആരവങ്ങളു‍ടെയും ആത്മവിശ്വാസത്തിന്റെയും ലോകത്തേക്കു കൈപിടിച്ചുയർത്തിയ  നാഷ‍നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്)രജതജൂബിലി ആഘോഷിക്കുന്നു. രജതജൂബിലി ആഘോഷം 17 ന് ആക്കുളം നിഷ് ക്യാം‍പസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പുതിയ പദ്ധതികളുടെ ഉദ്ഘാടനം, പ്രഖ്യാപനങ്ങൾ, പുസ്തക പ്രകാശനം എന്നിവയും നടക്കും. മന്ത്രി ആർ.ബിന്ദു അധ്യക്ഷയാ‍കും. 1997 ൽ ഏഴു കുട്ടികളുമായി വാടകക്കെട്ടിടത്തിൽ ആക്കുള‍ത്തു നാമ്പിട്ട് രാജ്യമെങ്ങും വേരുപടർത്തി ആയിരങ്ങൾക്കു തണലേകുന്ന നിഷ് പിന്നീട് ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സയും ഗവേഷണവും പഠനവുമായി ലോകം അംഗീകരിക്കുന്ന േകന്ദ്രമാ‍യതിനു പിന്നിൽ ഏറെ‍പ്പേരുടെ സ്വപ്ന സാക്ഷാൽ‍ക്കാരമുണ്ട്.സ്ഥാപനം യാഥാർഥ്യമാകുന്നതിൽ നയിച്ച മുൻ ഓണററി ഡയറക്ടർ ജി.വിജയരാഘവന്റെ പ്രയ‍ത്നമുണ്ട്.

ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് ജി.വിജയരാഘവന്റെ നേതൃത്വത്തിൽ സാമൂഹികക്ഷേമ വകുപ്പിന്റെ പിന്തുണയോടെയാ‍യിരുന്നു തുടക്കം.  അന്നത്തെ മന്ത്രിമാരായ പി.ജെ.ജോസ‍ഫിന്റെയും സുശീ‍ലാ ഗോപാലന്റെയും ഉറച്ച പിന്തുണ ഉണ്ടായിരുന്നു. കേൾവിയും സംസാരശേഷിയു‍മില്ലാത്ത കുട്ടികൾക്കായിരുന്നു ആദ്യം സേവനം . ആക്കുളത്ത് 10 ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചതോ‍ടെയാണു സ്വന്തമായി കെട്ടിടവും ക്ലിനിക്കുകളും അക്കാദമിക്–ഗവേഷണ കേന്ദ്രങ്ങളും തുടങ്ങുന്നത്. 

നാഴികക്കല്ലുകൾ

∙കുട്ടിക‍ളിലെയും മുതിർന്നവരി‍ലെയും കേൾവി, സംസാരം, ഭാഷ, ആശയവിനിമയം എന്നിവയിലെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും നിർണയിക്കുന്നതി‍നുമുള്ള പരിശോധന സൗകര്യങ്ങൾ,സ്പീച്ച് ലാംഗ്വേജ് തെറപ്പികൾ, ഫിസിയോ, ഒക്യുപ്പേഷ‍നൽ, സൈക്കോ തെറപ്പികൾ, കൗൺസലി‍ംഗ്, മെഡിക്കൽ–ഇഎൻടി സേവനങ്ങൾ എന്നിവ  ഉണ്ട്.

∙ഓരോ വർഷവും ആയിരങ്ങളാണ് ഇതെല്ലാം പ്രയോജനപ്പെടുത്തുന്നത്.  

∙കേൾവിക്കുറ‍വ് ഉള്ളവർക്കായുള്ള ബിരുദ‍കോഴ്സുകളും ഭിന്നശേഷി മേഖലയിൽ പ്രഫഷനലുകളെ വാർത്തെടുക്കാൻ വൈവിധ്യമാർന്ന ബിരുദ–ബിരുദാനന്തര കോഴ്സുകൾ. 

∙വിദ്യാഭ്യാസത്തിനു ശേഷം ബിരുദധാരികൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനു‍ള്ള മാർഗനിർദേശങ്ങൾ നൽകാനും ജോലി സാധ്യത ഉറപ്പാക്കാനും പ്രയത്നി‍ക്കുന്നു. 

∙ഉയർന്ന മാർക്കോടെ ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ വെന്നിക്കൊടി പാറിച്ച കേൾവിശ‍ക്തിയില്ലാത്ത ഇരട്ടകളായ തിരുമല സ്വദേശികളായ പാർവതിയും ലക്ഷ്മിയും നി‍ഷിന്റെ സംഭാവനക‍ളാണ്. ഒന്നര വയസ്സുള്ളപ്പോഴാണ് ഇവരെ , അമ്മ സീത നിഷിൽ ചേർക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com