ADVERTISEMENT

കൊച്ചി ∙ സുപ്രധാന നിയമപ്രശ്നങ്ങളിൽ 10 വർഷം സംസ്ഥാന സർക്കാരിനെ കൈപിടിച്ചു നടത്തിയ നിയമോപദേശങ്ങളുടെ ചുവട്ടിലെ കയ്യൊപ്പു കൂടിയായിരുന്നു സി. പി. സുധാകര പ്രസാദ് എന്ന മുൻ എജി. നിയമവും കോടതിവിധികളും ഇഴകീറി പരിശോധിച്ചു സർക്കാരിനെ ഉപദേശിക്കുക എന്ന കർത്തവ്യം പൂച്ചെണ്ടുകൾ മാത്രമല്ല അദ്ദേഹത്തിനു സമ്മാനിച്ചത്. നിയമോപദേശത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ കോടതി വരാന്തയിലേക്കു കയറിയ ലാ‌വ്‌ലിൻ കേസ് ഇപ്പോൾ സുപ്രീംകോടതിക്കു മുന്നിലാണ്.

ലോകായുക്ത നിയമോപദേശത്തിനു പിന്നാലെയെത്തിയ നിയമഭേദഗതി വ്യവഹാരങ്ങൾക്കു തിരി കൊളുത്തിയിട്ടേ ഉള്ളൂ. ലാവ്‌ലിൻ അഴിമതി കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നു വി.എസ്. സർക്കാരിന്റെ എജി ആയിരിക്കെ സുധാകര പ്രസാദ് നൽകിയ നിയമോപദേശം കണ്ടു ഞെട്ടിയതു യുഡിഎഫുകാർ മാത്രമല്ല, സിപിഎമ്മിലെ തന്നെ ചില കേന്ദ്രങ്ങളും കൂടിയായിരുന്നു. സിബിഐ ആരോപിക്കുന്ന 374 കോടി രൂപയുടെ അഴിമതി ഇടപാടിൽ പിണറായി വിജയനു വ്യക്‌തിപരമായ പങ്കില്ലെന്നു ചൂണ്ടിക്കാട്ടുന്നതായിരുന്നു നിയമോപദേശം.

പതിവില്ലാതെ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടിയാണു സുധാകര പ്രസാദ് വിമർശനങ്ങൾക്കു മറുപടി നൽകിയത്. നിയമോപദേശം ചോർന്നതിൽ മുഖ്യമന്ത്രിയെ രേഖാമൂലം അതൃപ്തി അറിയിച്ചു എന്നു പറഞ്ഞ് ഗൗരവത്തിൽ തന്നെ തുടങ്ങി. ‘‘നിയമോപദേശത്തിന്റെ രഹസ്യസ്വഭാവം ചോർന്നുവെന്ന തോന്നലുണ്ട്. ചോർന്നതു ശരിയല്ലെന്നു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്റെ ഓഫിസിൽ നിന്നു റിപ്പോർട്ട് ചോർന്നിട്ടില്ല’’. പക്ഷേ, സംസാരം മുന്നോട്ടു നീങ്ങിയപ്പോൾ പിരിമുറുക്കം വിട്ട് പതിവു പൊട്ടിച്ചിരി മുറിയിൽ മുഴങ്ങി. ‘‘നിഗമനത്തിലെത്താൻ ആവശ്യമായ രേഖകൾ സിബിഐ നേരത്തേ എത്തിച്ചു തന്ന ഫയലിൽ ഉണ്ടായിരുന്നു, കൂടുതൽ പഠിച്ച് എഴുതാനാണ് അധിക രേഖകൾ തേടിയത്.

രേഖകൾക്കു വേണ്ടി അനന്തമായി കാത്തിരിക്കാൻ കഴിയില്ല എന്നതുകൊണ്ടാണു സമയപരിധിക്കുള്ളിൽ തന്നെ റിപ്പോർട്ട് നൽകിയത്. ആഭ്യന്തര സെക്രട്ടറിയും ഉപദേശം തേടിയതു കൊണ്ടാണു മറ്റ് ഉദ്യോഗസ്‌ഥരുടെ പ്രോസിക്യൂഷൻ അനുമതിയുടെ വിഷയവും പരിശോധിച്ചത്.’’– സംശയങ്ങൾക്കെല്ലാം മറുപടി ആ വാക്കുകളിൽ ഉണ്ടായിരുന്നു.എജിയുടെ റിപ്പോർട്ട് തള്ളി ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയെങ്കിലും കോടതി വിധി മറിച്ചായിരുന്നു. 2013ൽ സിബിഐ കോടതി പിണറായിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. 2017ൽ ഹൈക്കോടതിയും അതു ശരിവച്ചതോടെ, വീണ്ടും ആ മുഖത്തു ചിരി വിടർന്നു.

കുറെക്കൂടി ഗൗരവക്കാരനായ എജിയെ ആണു രണ്ടാം ടേമിൽ കണ്ടത്. ‘രഹസ്യ സ്വഭാവം’ തെല്ലിട ലംഘിക്കാതെ നിയമോപദേശങ്ങൾ വീണ്ടും തിരുവനന്തപുരത്തിനു പോയി. ടി. പി. സെൻകുമാറിനെ ഡിജിപി ആയി പുനർനിയമിക്കണമെന്നു സുപ്രീം കോടതി വിധിച്ചപ്പോൾ അതിനെതിരെ വ്യക്തതാ അപേക്ഷയും പുനഃപരിശോധനാ ഹർജിയും നൽകി സർക്കാർ പോരാട്ട മാർഗം തുടർന്നു. എജിയുടെ ഉപദേശപ്രകാരമാണു നിയമ നടപടികൾ എന്ന് മുഖ്യമന്ത്രി പിണറായി തന്നെ സഭയിൽ വിശദീകരിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ലോകായുക്ത നിയമ ഭേഗദതിക്കു നൽകിയ നിയമോപദേശത്തിന്റെ അലകൾ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചയാകുമ്പോഴേക്ക് അദ്ദേഹം ശാരീരിക അവശതകളുടെ പിടിയിലായിരുന്നു. കോവിഡ് വന്നു മാറിയിട്ടും ശാരീരിക പ്രശ്നങ്ങൾ അലട്ടി. ഒടുവിൽ ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിക്കു പറയാനുള്ളതും ലോകായുക്ത കേസിൽ ഹൈക്കോടതിക്കു പറയാനുള്ളതും കേൾക്കാൻ നിൽക്കാതെയാണു മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com