ADVERTISEMENT

കൊച്ചി∙ സ്വകാര്യ സെമിത്തേരിയോ കല്ലറയോ പണിയാൻ കലക്ടറുടെ അനുമതി നിർബന്ധമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. സ്ഥലം സ്വന്തം പേരിലാണെങ്കിലും വ്യക്തികളുടെ ഇഷ്ടപ്രകാരം ഇവ നിർമിക്കാനാവില്ല. കേരള പഞ്ചായത്തീ രാജ് (ബറിയൽ ആൻഡ് ബേണിങ് ഗ്രൗണ്ട്സ്) ചട്ടത്തിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാണെന്നു കോടതി പറഞ്ഞു. സ്വകാര്യ ഭൂമിയിൽ നടത്തിയ കല്ലറ നിർമാണം ക്രമപ്പെടുത്തുകയോ പൊളിച്ചു നീക്കുകയോ ചെയ്യണമെന്നു കാണിച്ച് തൃശൂർ മുരിയാട് പഞ്ചായത്ത് നോട്ടിസ് നൽകിയതിനെതിരെ തൃശൂർ സ്വദേശി മാത്യു നൽകിയ ഹർജി കോടതി തള്ളി.

സ്വകാര്യ സ്ഥലത്തോ പൊതു സ്ഥലത്തോ കലക്ടറുടെ അനുമതിയില്ലാതെ ശ്മശാനം തുറക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സേനയിൽ നിന്നു വിരമിച്ച ശേഷം പ്രയർ ഹോം പണിയാൻ വേണ്ടിയാണു ഹർജിക്കാരൻ 27 സെന്റ് ഭൂമി വാങ്ങിയത്. താമസവും അവിടെ തന്നെ. പണികഴിപ്പിച്ച 3 ടാങ്കുകൾ ഭാവിയിൽ തന്നെയും കുടുംബാംഗങ്ങളെയും സംസ്കരിക്കാനുള്ള കല്ലറകളാക്കി മാറ്റുമെന്നും വ്യക്തിഗത ഉപയോഗം ആയതിനാൽ പൊതുതാൽപര്യം ഇല്ലെന്നും ഹർജിക്കാരൻ വാദിച്ചു. തന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യത്തിനു കല്ലറ പണിയുന്നതു ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നു ഹർജിക്കാരൻ വാദിച്ചെങ്കിലും കോടതി തള്ളി.

ജീവിക്കാനുള്ള അവകാശം സമൂഹത്തിനു ബാധകമായ നിയമ വ്യവസ്ഥകൾക്കു വിധേയമാണ്. വ്യക്തി സ്വാതന്ത്ര്യം സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലും വലുതല്ല. മറിച്ചൊരു സാഹചര്യം കലാപത്തിനും ആശയക്കുഴപ്പത്തിനും വഴിവയ്ക്കും; സമാധാന അന്തരീക്ഷം തകരും. സ്വകാര്യ സെമിത്തേരിയോ കല്ലറയോ പണിയാൻ ചട്ടപ്രകാരം വിലക്ക് ഇല്ല. അധികാരികളുടെ അനുമതി വേണമെന്നു മാത്രം. ഈ സാഹചര്യത്തിൽ മൗലികാവകാശങ്ങളുടെ ലംഘനമില്ല. പഞ്ചായത്ത് നോട്ടിസ് നൽകിയതിൽ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ സെമിത്തേരി നിർമാണത്തിനു ബാധകമായ നടപടിക്രമങ്ങൾ കോടതി ചൂണ്ടിക്കാട്ടി: പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ ശുപാർശ സഹിതം ഡിഎംഒ മുഖേനയാണു കലക്ടർക്കു വിടുന്നത്. ഡിഎംഒയും അന്വേഷിച്ച് അഭിപ്രായം രേഖപ്പെടുത്തും. അപേക്ഷ കിട്ടുമ്പോൾ കലക്ടർ പരാതികളും അഭിപ്രായങ്ങളും ക്ഷണിച്ച് ഇക്കാര്യം പരസ്യപ്പെടുത്തണം. അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കൂടി വാങ്ങിയ ശേഷമാണു കലക്ടർ തീരുമാനം എടുക്കുന്നത്.  നിർമാണത്തിന് പഞ്ചായത്തിന്റെ അനുമതി തേടിയില്ലെന്നും പരാതി കിട്ടിയപ്പോൾ കലക്ടർ റിപ്പോർട്ട് തേടിയതിനെ തുടർന്നാണു നോട്ടിസ് നൽകിയതെന്നും പഞ്ചായത്ത് വിശദീകരിച്ചു. കല്ലറ പണിയാൻ കലക്ടറുടെ അനുമതി ആവശ്യമാണെന്നു സർക്കാരും വാദിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com