ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബി പദ്ധതികളുടെയും തിരുവനന്തപുരം സ്മാർട് റോഡ് പദ്ധതികളുടെയും ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി . പല സീറ്റിലും ആളില്ലെന്നും മൂവ്മെന്റ് റജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും മന്ത്രി കണ്ടെത്തി. ചിലർ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഓഫിസിലെത്താതെ വ്യക്തിപരമായ ആവശ്യങ്ങൾക്കു പോയതായും വ്യക്തമായി. ഹാജർ റജിസ്റ്ററെടുത്ത് പേരു വിളിച്ച് മന്ത്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അസാന്നിധ്യവും വിലയിരുത്തി.

ജല അതോറിറ്റിയുമായി ചേർന്നു സ്മാർട് റോഡ് പദ്ധതിയുടെ സൈറ്റ് സന്ദർശനത്തിലായതിനാലാണ് ചിലർ ഓഫിസിൽ ഇല്ലാത്തതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചശേഷമല്ലേ സൈറ്റ് സന്ദർശനം നടത്തേണ്ടതെന്നും അതിന്റെ ആശയവിനിമയ രേഖകൾ എന്തെങ്കിലും കാണേണ്ടതല്ലേയെന്നും മന്ത്രി ചോദിച്ചു.മന്ത്രി എത്തിയതിനുശേഷം ചില ഉദ്യോഗസ്ഥർ ഓടിപ്പിടിച്ച് ഓഫിസിലെത്തുകയും ചെയ്തു. താൻ വന്നുവെന്ന വിവരം ലഭിച്ചതുകൊണ്ട് എത്തിയതാണോ എന്ന് ഇവരോടു മന്ത്രി ചോദിച്ചു.

സിഇഒയുടെയും പ്രോജക്ട് എൻജിനീയറുടെയും കസേരകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിഇഒ എത്തിയിട്ടില്ലെന്നും പ്രോജക്ട് എൻജിനീയർ രാജിവച്ചതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഫിനാൻസ് ഓഫിസർ ഉൾപ്പെടെയുള്ള സുപ്രധാന തസ്തികകളിൽ ആളില്ലെന്നതും ഉദ്യോഗസ്ഥർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. 10 ദിവസം തുടർച്ചയായി ജോലിക്കെത്താത്ത ഉദ്യോഗസ്ഥയുണ്ടെന്നു കണ്ടെത്തി. ഇവർ വർക്ക് ഫ്രം ഹോമിന് അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റുള്ളവരുടെ വിശദീകരണം. ചില ഉദ്യോഗസ്ഥർ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പിന്നീടു മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com