കോവിഡ് കാലത്തെ മടക്കം: 3.32 ലക്ഷം പ്രവാസി കുടുംബം കടുത്ത പ്രതിസന്ധിയിൽ, 14 ലക്ഷം രൂപ വരെ കടം

INDIA-HEALTH-VIRUS
SHARE

തിരുവനന്തപുരം∙ കോവിഡ് കാലത്ത് കേരളത്തിലേക്ക് 14. 71 ലക്ഷം പേർ തിരികെ എത്തിയതായി മുൻ ധനകാര്യ കമ്മിഷൻ അധ്യക്ഷൻ ഡോ. ബി.എ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സിഡിഎസ് പഠന സംഘം കണ്ടെത്തി. ഇതിൽ 77 % പേർ തിരികെപ്പോയി. 3.32 ലക്ഷം പേർക്കു മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. എങ്ങനെയെങ്കിലും മടങ്ങിപ്പോകാനാണ് ഇവർ ആലോചിക്കുന്നത്. 

ഇവിടെ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഇല്ലാത്തതാണ് ഇതിനു കാരണം. ഇവരെ പുനരധിവസിപ്പിക്കണം. മടങ്ങിപ്പോകാൻ തയാറുള്ളവർക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ആറു ഗ്രാമപ്പഞ്ചായത്തുകളിലെയും അഞ്ച് മുനിസിപ്പാലിറ്റികളിലെയും മടങ്ങി വന്ന 404 കേരളീയ പ്രവാസി തൊഴിലാളികളെ നേരിട്ടു കണ്ട് അഭിമുഖം നടത്തിയാണ് സർവേ തയാറാക്കിയത്.

പ്രവാസികൾ മടങ്ങിവരുന്നതിനു മുൻപ് അവരുടെ കുടുംബങ്ങളിലേക്ക് 2017 ൽ അയച്ചത് 1,02,110 കോടി രൂപയാണ്. ഒരു കുടുംബത്തിന് 1.47 ലക്ഷം മുതൽ 2.32 ലക്ഷം രൂപ വരെ വാർഷിക വരുമാനം ലഭിച്ചിരുന്നു. ഈ കുടുംബങ്ങൾ സാമ്പത്തികമായി തകർന്നു. കണ്ണൂർ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ മടങ്ങിയെത്തിയവരിൽ 75 ശതമാനത്തിലധികം പേർ തൊഴിൽരഹിതരാണ്.മടങ്ങിയെത്തിയവരുടെ കുടുംബങ്ങളിൽ 21 ശതമാനവും മുൻഗണനാ റേഷൻ കാർഡുകളുള്ള ബിപിഎൽ കുടുംബങ്ങളാണ്. സർവേയിൽ പങ്കെടുത്ത 404 കുടുംബങ്ങളിൽ 398 പേർക്കു കടബാധ്യതയുണ്ട്. 

ഒരു കുടുംബത്തിന് ശരാശരി 2 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ കടമുണ്ട്. വീട് നിർമാണം, വാഹനങ്ങളും സ്ഥലവും വാങ്ങൽ, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയായിരുന്നു കടം വാങ്ങുന്നതിന്റെ പ്രധാന കാരണം. ഭൂരിഭാഗം പ്രവാസി കുടുംബങ്ങൾക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നേക്കാമെന്നും പഠനത്തിൽ കണ്ടെത്തി.മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം നോർക്കയുടെ  കണക്കിനെ ആശ്രയിച്ചാണ് കണക്കാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA