വെഞ്ഞാറമൂട്∙ കാർ തടഞ്ഞു നിർത്തി 12.5 പവൻ സ്വർണവും 28,000 രൂപയും ഒരു വാച്ചും 2 പുരയിടങ്ങളുടെ പ്രമാണവും എടിഎം കാർഡുകളും തട്ടിയെടുത്ത കേസിൽ 4 പേരെ കൂടി വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ 6 പ്രതികൾ അറസ്റ്റിലായി. വക്കം നിലയ്ക്കാമുക്ക് പുതുവൽ വിള വീട്ടിൽ വട്ടപ്പള്ളി എന്നു വിളിക്കുന്ന ഷിബു(35), കരവാരം അയ്യപ്പൻകോണം സലീന മൻസിലിൽ നസീർ(39), കടയ്ക്കാവൂർ കൊച്ചുപാലം ആർബി ഭവനിൽ രാജേഷ്(35), പനവൂർ കരിക്കുഴി തടത്തരികത്തു വീട്ടിൽ സജീർ(42)എന്നിവരാണ് അറസ്റ്റിലായത്. പനവൂർ വാഴവിള വീട്ടിൽ നാസി(43), പനവൂർ എംഎസ് ഹൗസിൽ റാഷിദ്(31) എന്നിവരെ ഒരാഴ്ച മുൻപ് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് വെഞ്ഞാറമൂട് പൊലീസിനു കൈമാറിയിരുന്നു.
ആനാട് വട്ടറത്തല കിഴക്കുംകര പുത്തൻ വീട്ടിൽ മോഹനപ്പണിക്കർ(64) ന്റെ പണവും ആഭരണങ്ങളുമാണ് നഷ്ടമായത്. 13ന് രാത്രി 8.30ന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം ജംക്‌ഷനു സമീപത്താണ് സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിർത്തിയിട്ടതിനു ശേഷം അത് വഴി വന്ന മോഹനപ്പണിക്കരുടെ കാർ തടഞ്ഞു നിർത്തി ടയർ കേടായെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചു. കാറിൽ നിന്ന് പുറത്തിറങ്ങിയ മോഹനപ്പണിക്കരെ ഭീഷണിപ്പെടുത്തി പ്രതികളുടെ കാറിൽ കയറ്റിയ ശേഷം ഓടിച്ചു പോവുകയും മർദിക്കുകയും ഭീഷണിപ്പെടുത്തി പണവും മറ്റ് വസ്തുക്കളും തട്ടിയെടുക്കുകയുമായിരുന്നു.
കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം ഇയാളെ റോഡിൽ ഉപേക്ഷിച്ച് സംഘം കാറിൽ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ നെടുമങ്ങാട് പൊലീസ് 2 പ്രതികളെ അറസ്റ്റ് ചെയ്തു. തുടർന്ന് സംഘത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുകയും മറ്റ് പ്രതികൾ കൂടി പിടിയിലാകുകയും ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.