ADVERTISEMENT

നെയ്യാറ്റിൻകര ∙ ആവശ്യത്തിനു വൈദ്യുതി വിളക്കുകളില്ല; നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ. ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ പ്ലസ്ടു വിദ്യാർഥിനിക്ക് കാലുകൾ നഷ്ടപ്പെട്ട രാത്രി പ്ലാറ്റ്ഫോമിൽ വെളിച്ചം തീരെ കുറവായിരുന്നതായി ബന്ധുക്കൾ. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. പകൽ ആണെങ്കിൽ പോലും റെയിൽവേ സ്റ്റേഷൻ വളപ്പിലേക്കു പ്രവേശിക്കുമ്പോൾ ഉള്ളൊന്നു പിടയും. ചുറ്റും കുറ്റിക്കാടാണ്. ഒറ്റനോട്ടത്തിൽ അറിയാം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണിവിടം. 

കുറ്റിക്കാടും കൂരിരുളും വകഞ്ഞുമാറ്റി വേണ റെയിൽവേ സ്റ്റേഷനു മുന്നിൽ എത്താൻ. പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുമ്പോൾ വീണ്ടും പഴയ പടി – വെളിച്ചം തീരെ ഇല്ല. വൈകിട്ട് 7.25ന് ആണ് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തക്കുള്ള ട്രെയിൻ നെയ്യാറ്റിൻകരയിൽ എത്തിച്ചേരുന്നത്. രാത്രി 10.25ന് ചെന്നൈ എഗ്‌മൂർ ഗുരുവായൂർ എക്സ്പ്രസ് ഇതുവഴി കടന്നു പോകും. തിരുവനന്തപുരം – നാഗർകോവിൽ (വൈകിട്ട് 6.25), മംഗലാപുരം – നാഗർകോവിൽ (വൈകിട്ട് 7.12), പുനലൂർ – മധുര (രാത്രി 8.35), മംഗലാപുരം നാഗർകോവിൽ (രാത്രി 9.12) എന്നീ ട്രെയിനുകളും ഇതുവഴി കടന്നു പോകുമ്പോൾ പ്ലാറ്റ്ഫോമിൽ അരണ്ട വെളിച്ചം മാത്രം.

പല ട്രെയിനുകൾക്കും ഇവിടെ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ സ്റ്റോപ്പ് ഉള്ളൂ. ഒട്ടേറെ യാത്രക്കാർ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നതിനാൽ അവർ വെളിച്ചം കുറവുള്ള ഈ പ്ലാറ്റ്ഫോമിലൂടെ ഓടി വേണം ട്രെയിനിൽ കയറാൻ. ഇത്തരത്തിൽ ഓടി ട്രെയിനിൽ കയറിയപ്പോഴാണ് തൃശൂർ പുറനാട്ടുകര സ്വദേശി പി.ആർ. രാധികക്ക് (17) കാലുകൾ നഷ്ടമായത്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും പലതും പുറംലോകം അറിഞ്ഞിട്ടില്ല.‌ വെളിച്ചക്കുറവ് പരിഹരിക്കാൻ, റെയിൽവേക്കു ഒട്ടേറെ നിവേദനം നൽകിയതായി യാത്രക്കാർ പറയുന്നു. ജനപ്രതിനിധികളോടും പരാതിപ്പെട്ടു. പക്ഷേ, ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇരുളിന്റെ മറവിൽ സാമൂഹിക വിരുദ്ധ ശല്യമുണ്ടെന്നും വ്യാപക പരാതിയുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com