ADVERTISEMENT

തിരുവനന്തപുരം∙ ശാസ്തമംഗലത്ത് മകളുടെ മുന്നിലിട്ട് റോഡിൽ യുവതിയെ മർദിച്ച  ബ്യൂട്ടി പാർലർ ഉടമ ശാസ്തമംഗലം എസ്എഫ്എസ് റിച്ച് മൗണ്ട് ഫ്ലാറ്റ് 11ൽ താമസിക്കുന്ന മിനിയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.  എഫ്ഐആറിൽ പ്രതിയുടെ പേര് ചേർക്കാതെ കേസ് അട്ടിമറിക്കാൻ മ്യൂസിയം പൊലീസ് നീക്കംനടത്തിയെന്നത്   വിവാദമായിരുന്നു. മർദിച്ചതിനു ഐപിസി 321,323 വകുപ്പുകളും പരുക്കേൽപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ചെരുപ്പുകൊണ്ട് മർദിച്ചതിനു 324–ാം വകുപ്പും ചുമത്തി.

ബ്യൂട്ടി പാർലറിനു മുന്നിൽ നിന്നു മൊബൈൽ ഫോണിൽ‌ സംസാരിച്ചതിനാണ്  മരുതംകുഴി സ്വദേശി ശോഭനയ്ക്കു വ്യാഴാഴ്ച ഉച്ചയ്ക്കു  ക്രൂരമായ  മർദനമേറ്റത്.  കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയതായിരുന്നു ശോഭന. ചെരുപ്പുകൊണ്ട് പലതവണ കരണത്ത് അടിച്ചു. മകൾ കരഞ്ഞു നിലവിളിച്ചിട്ടും അടി നിർത്തിയില്ല. ആളുകൾ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നതു ശ്രദ്ധയിൽപെട്ടശേഷമാണ്  പിന്തിരിഞ്ഞത്. മർദിച്ച സ്ത്രീയെ തിരിച്ചറിയാത്തതിനാലാണ് എഫ്ഐആറിൽ പേര് എഴുതി ചേർക്കാത്തതെന്നായിരുന്നു പൊലീസ് വാദം.

എന്നാൽ സംഭവം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്കു പ്രതി മിനിയെ പിങ്ക് പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയും ജിഡി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ  പേരും വിലാസവും എഴുതി എടുക്കുകയും ചെയ്തിരുന്നു. മർദനവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പിങ്ക് പൊലീസാണ് ശോഭനയെയും മിനിയെയും വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവന്നത്. ശോഭനയുടെ പരാതി കേട്ടശേഷം അത് എഴുതി വാങ്ങി. ഇരുവരുടെയും പേരുവിവരങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തുന്നതിനു തൊട്ടുമുൻപ് മിനിക്കുവേണ്ടി ഉന്നതരായ പലരും വിളിച്ചു. ഇതിനു പിന്നാലെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ശോഭനയുടെ പരാതിയിൽ ആദ്യം മുതൽ ഉഴപ്പിയ മ്യൂസിയം പൊലീസ്, സംഭവത്തിന്റെ മൊബൈൽ ക്യാമറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനൊടുവിലാണ് കേസ് എടുത്തത്. പിന്നീട് പരാതിക്കാരിയെ അനുനയിപ്പിച്ച് കേസ് ഒത്തുതീർക്കാൻ സമയം നൽകിയെന്നും ഇതിനാണ്  പ്രതിയുടെ പേര് എഴുതാതെ എഫ്ഐആർ ഇട്ടതെന്നും പരാതി ഉയർന്നു. സംഭവം വിവാദമായതോടെ ഇവരെ വീണ്ടും എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com