ADVERTISEMENT

നെയ്യാറ്റിൻകര ∙ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിലെ രാജൻ – അമ്പിളി ദമ്പതികളുടെ മക്കൾക്ക് ഒടുവിൽ കിടപ്പാടമായി. ചാലക്കുടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടന, രാഹുലിനും രഞ്ജിത്തിനും വേണ്ടി നിർമിച്ചു നൽകുന്ന വീടിന്റെ പാലുകാച്ച് നാളെ രാവിലെ 10ന് നടത്തും. മാർച്ച് 22ന് ആണ് വീടിനു തറക്കല്ലിട്ടത്. മൂന്നു സെന്റിൽ 600 ചതുരശ്ര അടിയിലാണ് വീട്. 2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിയും കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ചത്.

ദമ്പതികളുടെ മരണത്തെ തുടർന്ന് ഇവർ താമസിക്കുന്ന ഭൂമി ഏറ്റെടുത്ത് അവിടെ വീടു നിർമിച്ചു നൽകുമെന്നു സർക്കാർ വാഗ്ദാനം നൽകിയിരുന്നു. വീടു നിർമിക്കാനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം മൂലം നിർമാണം നടത്താനായില്ല. ഇതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരും വീട് നിർമിച്ചു നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സർക്കാരിനെ വിശ്വസിച്ച സഹോദരങ്ങൾ ബോബിയുടെ വാഗ്ദാനം സ്നേഹത്തോടെ നിരസിച്ചു. പക്ഷേ, ഒരു വർഷത്തിനു ശേഷവും സർക്കാർ വാഗ്ദാനം നടപ്പായില്ല.

തുടർന്നാണ്‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടന എത്തിയത്. കുട്ടികളുടെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞെത്തിയ അവർ കുട്ടികൾക്കു വീട് നിർമിച്ചു നൽകുകയായിരുന്നു. സംഘടനയുടെ ‘കൂട്’ എന്ന പദ്ധതി പ്രകാരം നിർമിക്കുന്ന 31–ാമത്തെ വീടാണിതെന്നും ഫിലോകാലിയ മാനേജിങ് ഡയറക്ടർ ജിജി മാരിയോ, ജനറൽ മാനേജർ സന്തോഷ് ജോർജ് തുടങ്ങിയവർ അറിയിച്ചു. രാജൻ – അമ്പിളി ദമ്പതികളുടെ മൂത്ത മകൻ ആർ. രാഹുൽ രാജിന് മാർച്ചിൽ നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് ജോലി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com