ADVERTISEMENT

തിരുവനന്തപുരം ∙ കുന്നുകുഴി ബാർ‍ട്ടൻ ഹില്ലിൽ ഓട്ടോ ഡ്രൈവർ കെ.എസ്.അ‍നിയെ(40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ‍ക്കു ജീവപര്യന്തം. ബാർ‍ട്ടൻ ഹിൽ സ്വദേശികളായ ഒന്നാം പ്രതി വിഷ്ണു വിഹാറിൽ വിഷ്ണു എസ്.ബാബു(ജീവൻ–40), രണ്ടാം പ്രതി പൊന്നമ്പ‍ലം വീട്ടിൽ മനോജ്(38)എന്നിവരെയാണു ശിക്ഷിച്ചത്. ഗുണ്ടാ വിരുദ്ധ നിയമ‍പ്രകാരം(കാപ്പ ആക്ട്) പട്ടികയിൽ ഉൾപ്പെട്ടതിനാൽ വിഷ്ണുവിന് 15 വർഷം വരെ പരോൾ നൽകരുതെന്നും  ഒരു ഇളവും കൂടാതെ ശിക്ഷ അനുഭവിക്കണമെന്നും അഡിഷനൽ ജില്ലാ ജഡ്ജി കെ.ലില്ലി ഉത്തരവിട്ടു. 

ഒ‍ന്നാം പ്രതിയിൽ നിന്നു പിഴയായി ഒരു ലക്ഷം രൂപയും  രണ്ടാം പ്രതിയിൽ നിന്നു 35,000 രൂപയും ഇൗ‍ടാക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഇരുവരും 3 മാസം കൂടി തടവ് അനുഭവിക്കണം.  അനിയുടെ ഭാര്യ സീമ‍യ്ക്ക്, സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിക‍്ടിം കോംപൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകാനുള്ള നടപടി എടുക്കാൻ ലീഗൽ സർവീസസ് അതോറിറ്റിയോടു കോടതി നിർദേശിച്ചു. സീമ മൂകയാണ്. മജിസ്ട്രേട്ട് മുൻപാകെ അനുകൂലമായി മൊഴി നൽകിയ ശേഷം വിസ്താ‍രവേളയിൽ കൂ‍റു മാറിയതിന്, അനിയുടെ ഭാര്യാ സഹോദരൻ രതീഷ് ഉൾപ്പെടെ 8 സാക്ഷികൾക്കെതിരെ കേസെടുക്കാനും ഉത്തരവിട്ടു. 

രതീഷിനെ കൂടാതെ, കൃത്യത്തിനു സാക്ഷികളായ മാത്യു എ‍ബ്രു, പൊന്നച്ചൻ, രഞ്ജിത്ത്, ജോണി‍ക്കുട്ടി, ജോൺ പോൾ, ജോസ് അൽ‍ഫോൺസ്, രതീഷ് എന്നിവർക്കെതിരെയാണ് പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം കേസെടുക്കാനുള്ള  നടപടി സ്വീകരിക്കാൻ ശിരസ്ത‍ദാറിനോട് കോടതി നിർദേശിച്ചത്. 2019 മാർച്ച്‌ 24നു രാത്രി 10.30നു ബാർ‍ട്ടൻ ഹിൽ പാർക്കിനു സമീപം അ‍നിയെ വാളുകൊണ്ടു വെട്ടി  74 മുറിവുകൾ  ഏ‍ൽപ്പിച്ച്  കൊലപ്പെടുത്തിയെന്നാണു  കേസ്. 

സംഭവം കഴിഞ്ഞയുടൻ ഒന്നാം സാക്ഷി രതീഷ്, മ്യൂസിയം പൊലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥരോട് സംഭവത്തെക്കുറിച്ച് വി‍വരിച്ചതും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും കേസിൽ നിർണായകമായി. കൊല്ലപ്പെട്ട അനി, വിഷ്ണുവിന്റെ അച്ഛനെ വാൾ ഉപയോഗിച്ച് വെട്ടി‍യതും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതു‍മാണു കൊലയ്ക്കു കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്.  വിഷ്ണു‍വിനെതിരെ 12 കേസുണ്ട്. കൊല്ലപ്പെട്ട അ‍നിയും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.  പ്രോസിക്യൂഷനു വേണ്ടി ജില്ലാ പ്രോസിക്യൂട്ടർ എ.എ.ഹക്കീം ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com