ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ കോൺഗ്രസിന് ഒരേയൊരു ലീഡർ മാത്രമേയുള്ളൂവെന്നും അതു കെ.കരുണാകരനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃക്കാക്കരയിലെ വിജയം എല്ലാവരും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഏകോപനച്ചുമതല മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു സതീശൻ. തിരുവനന്തപുരത്ത് തന്റെ മാത്രം ചിത്രം വച്ചുള്ള ഫ്ലെക്സുകൾ നീക്കം ചെയ്യണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ക്യാപ്റ്റൻ, ലീഡർ പോലുള്ള കെണികളിൽ വീഴില്ല. അങ്ങനെ വിളിക്കുന്നതു കോൺഗ്രസിനെ നന്നാക്കാൻ വേണ്ടിയല്ല. എല്ലാവരും ഒന്നിച്ചു നിന്നാൽ തിരഞ്ഞെടുപ്പിൽ ഇനിയും വിജയിക്കാം. വിശ്രമമില്ലാതെ പ്രവർത്തിച്ചാലേ കോൺഗ്രസിന് കേരളത്തിൽ തിരിച്ചുവരാനാകൂ. പാർട്ടിയിലെ കരുത്തുറ്റ രണ്ടാം നിരയെ ഗ്രൂപ്പുകൾക്കതീതമായി പ്രോത്സാഹിപ്പിക്കും. മൂന്നും നാലും നിരകളും ശക്തിപ്പെടുത്തണം. യുവജനങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകും–സതീശൻ പറഞ്ഞു. തൃക്കാക്കരയിലെ തോൽവിയെക്കുറിച്ചു പറയാൻ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ട്.

എല്ലാ ഉത്തരവാദിത്തങ്ങളും മറന്ന്, യുഡിഎഫിനെ തോൽപിക്കാൻ 20 മന്ത്രിമാരും മുഖ്യമന്ത്രിയും തൃക്കാക്കരയിൽ ക്യാംപ് ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോൾ കേരളം അനുഭവ‍ിക്കുന്നത്. സ്കൂളുകളിൽ വ്യാപകമായ‍ി ഭക്ഷ്യവിഷബാധയാണ്. ജനപ്രതിനിധികൾ കുട്ടികൾക്ക് ഒപ്പമിരുന്നു ഭക്ഷണം കഴിച്ചാൽ വിഷബാധ ഇല്ലാതാകുമോ.  സ്‌കൂളുകളിലേക്കു വിതരണം ചെയ്ത സാധനങ്ങളുടെ ഗുണനിലവാര പരിശോധനയാണ് ആദ്യം വേണ്ടതെന്നും സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥൻ, വർക്കല കഹാർ, എം.എ.വാഹിദ്, എം.എം.നസീർ, വി.പ്രതാപചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തില‍ായിരുന്നു സ്വീകരണം. സേവാദൾ പ്രവർത്തകർ ഗാർഡ് ഓഫ് ഓണർ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com