ശസ്ത്രക്രിയ വൈകിയ സംഭവം, പിഞ്ചു കുഞ്ഞ് വിശപ്പും വേദനയും സഹിച്ചത് ഒന്നരദിവസം; ഡോക്ടർമാരുടെ വീഴ്ച സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്

വാതിലിനിടയിൽ വിരൽ കുടുങ്ങി ഗുരുതരപരുക്കേറ്റ കുട്ടി (മുൻപു പ്രസിദ്ധീകരിച്ച ചിത്രം)
SHARE

തിരുവനന്തപുരം∙ വാതിലിന് ഇടയിൽ വിരൽ കുടുങ്ങി ഗുരുതര പരുക്കുമായി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച പിഞ്ചു കുഞ്ഞിന്റെ ശസ്ത്രക്രിയ 36 മണിക്കൂർ വൈകിയ സംഭവത്തിൽ ഡോക്ടർമാരുടെ വീഴ്ച സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. അനസ്തീസിയ, ഓർത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. മേയ് 27ന് ഉച്ചയ്ക്കു 2.40നു കാഷ്വാലിറ്റിയിൽ എത്തിച്ച കുഞ്ഞിനെ 2.20 മണിക്കൂർ കഴിഞ്ഞാണ് പ്ലാസ്റ്റിക് സർജൻ പരിശോധിച്ചത്.

പിന്നീട്  അഡ്മിറ്റ് ചെയ്യാൻ 5 മണിക്കൂർ വൈകി. കുഞ്ഞിനെ പ്രവേശിപ്പിച്ച വിവരം ഡ്യൂട്ടി നഴ്സ് വാർഡ് റജിസ്റ്ററിൽ രേഖപ്പെടുത്താത്തതും വീഴ്ചയായി. അനസ്തെറ്റിസ്റ്റിന്റെ നിർദേശ പ്രകാരം പിറ്റേന്ന് രാവിലത്തേക്ക് ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും പ്ലാസ്റ്റിക് സർജൻ ശസ്ത്രക്രിയയ്ക്ക് ഹാജരായില്ല. രാവിലെ 5 മുതൽ 10 വരെ ശസ്ത്രക്രിയ ടേബിളുകൾ ഒഴിഞ്ഞു കിടന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ശസ്ത്രക്രിയകൾ നടത്താൻ പ്ലാസ്റ്റിക് സർജന്മാർ തയാറായില്ലെന്നാണ് ഓർത്തോപീഡിക് വിഭാഗം അന്വേഷണ കമ്മിറ്റിക്ക് നൽകിയ വിശദീകരണം.

റൗണ്ട്സിന്റെ പേര് പറഞ്ഞാണ് സർജൻമാർ ശസ്ത്രക്രിയയ്ക്ക് എത്താതിരുന്നത്. ശേഷം ഒപിയിലേക്കു പോയി. പിന്നീട് വന്ന 4 രോഗികളുടെ ശസ്ത്രക്രിയ നടത്തിയിട്ടും തലേ ദിവസം വന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയില്ലെന്നും അന്വേഷണ കമ്മിറ്റി കണ്ടെത്തി. മെഡിസിൻ വിഭാഗം മേധാവിയും സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ഉൾപ്പെട്ട കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് തുടർ നടപടിക്കായി ആരോഗ്യവകുപ്പിനു കൈമാറി. 

മറുപടി നൽകാതെ ഡോക്ടർമാർ

2.40നു കാഷ്വാലിറ്റിയിൽ എത്തിയ രോഗിയെ പരിശോധിക്കാൻ 2.20 മണിക്കൂർ എന്തു കൊണ്ടു വൈകി ? ഈ ചോദ്യത്തിനും ഓർത്തോപീഡിക്‌സ് വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറും വാർഡ് രേഖകളിൽ കുഞ്ഞിന്റെ വിവരങ്ങൾ എന്തു കൊണ്ട് രേഖപ്പെടുത്തിയില്ല? എന്ന ചോദ്യത്തിന് അസ്ഥിരോഗ വിഭാഗം ഡോക്ടറും ഇതുവരെ മറുപടി നൽകിയിട്ടില്ല.

വിശപ്പും വേദനയും സഹിച്ചത് ഒന്നരദിവസം

ആശുപത്രിയിലെ കെടുകാര്യസ്ഥത കാരണം മൂന്നുവയസ്സുകാരിക്ക് ഒന്നര ദിവസത്തോളം വേദനയും വിശപ്പും സഹിക്കേണ്ടി വന്നു . 27ന് ഉച്ചയ്ക്കായിരുന്നു കരമന സത്യൻ നഗറിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ മകൾ സംഗീതയ്ക്ക് അപകടം സംഭവിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും കൊണ്ടുപോയി. പരുക്ക് ഗുരുതരമായതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തണമെന്നും കുഞ്ഞിന് ഭക്ഷണം നൽകരുതെന്നും പറഞ്ഞാണ് ജനറൽ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. അവിടെ എത്തിച്ചപ്പോഴും ശസ്ത്രക്രിയ നടത്തേണ്ടതിനാൽ ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞു.

മെഡി.കോളജ് ആശുപത്രിയിൽ നടന്നത്

∙27ന് ഉച്ച 2.40 : കുഞ്ഞിനെ കാഷ്വൽറ്റിയിൽ എത്തിച്ചു.
∙വൈകിട്ട് 5 : പ്ലാസ്റ്റിക് സർജൻ പരിശോധന നടത്തി. ( പരിശോധന നടത്തിയത് 2.20 മണിക്കൂർ വൈകി)
∙രാത്രി 10.25 : 23–ാം വാർഡിൽ പ്രവേശിപ്പിച്ചു.
∙രാത്രി 10.30 : ശസ്ത്രക്രിയ പിറ്റേദിവസം രാവിലെ 8ന് നടത്താൻ നിശ്ചയിച്ചു.
∙28 രാവിലെ 8.00 : പ്ലാസ്റ്റിക് സർജൻ ശസ്ത്രക്രിയയ്ക്ക് എത്താതെ റൗണ്ട്സിനു പോയി.

∙രാവിലെ 10 : പ്ലാസ്റ്റിക് സർജന്മാർ ഒപി ഡ്യൂട്ടിയിൽ
∙രാവിലെ 11 മുതൽ 2വരെ : മറ്റ് 4 ശസ്ത്രക്രിയകൾ നടത്തിയിട്ടും കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയില്ല.
∙രാത്രി 9: കുഞ്ഞ് തളർന്നോടെ അമ്മ നെടുങ്കാട് കൗൺസിലർ കരമന അജിത്തിനെ വിവരം അറിയിച്ചു. അദ്ദേഹം ഈ വിവരം സൂപ്രണ്ടിന്റെ ശ്രദ്ധയിൽപെടുത്തി.
∙രാത്രി 9.30 : സൂപ്രണ്ടിന്റെ ഇടപെടലിൽ ശസ്ത്രക്രിയ .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS