ADVERTISEMENT

തിരുവനന്തപുരം∙ ഉള്ളിൽ സിപിഎം പ്രവർത്തകരുടെ ചെങ്കൊടികൾ; പ‍ുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ കരിങ്കൊടികൾ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനുള്ളിലും പുറത്തും സംഘർഷഭരിതമായ നാടകീയ രംഗങ്ങളാണ് ഇന്നലെ  അരങ്ങേറിയത്. തിരി കത്തിച്ച‍ുവിട്ട  മാലപ്പടക്കം പോലെ വിമാനത്താവളം മുതൽ ക്ലിഫ് ഹൗസ് വരെ  നീണ്ട പ്രതിഷേധത്തിന്റെയും പരക്കം പാച്ചിലിന്റെയും രംഗങ്ങൾ രാത്രി കെപിസിസി ഓഫിസിനു നേരെയുള്ള ആക്രമണം വരെ നീണ്ടു.

തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി   5.12 ന് ടെർമിനലിനു പുറത്തെത്തി. മുഖ്യമന്ത്രി  ഇറങ്ങുന്ന വഴിയിൽ ബാരിക്കേഡു വച്ച് നിയന്ത്രിച്ചിരുന്നു. പുറത്തേക്ക് ഇറങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാതെ കാറിൽ കയറി. യാത്ര തിരിക്കുന്നതിനിടയിൽ ടെർമിനലിനുള്ളിൽ കാത്തു നിന്ന നൂറുകണക്കിന് സിപിഎം പ്രവർത്തകർക്കു  നേരെ കൈവീശി അഭിവാദ്യമർപ്പിച്ചു. മുഖ്യമന്ത്രിയുടെ കാർ അടുത്തെത്തിയപ്പോൾ അവർ മുദ്രാവാക്യം വിളിച്ചു.

പതിവായി പോകുന്ന വഴിയിലൂടെയാണ്  ക്ലിഫ് ഹൗസിലേക്കു യാത്ര. റോഡിന്റെ ഇരുവശത്തും 50 മീറ്റർ ഇടവിട്ട് പൊലീസിനെ വിന്യസിച്ചിരുന്നു. ജനറൽ ആശുപത്രി ജംക്‌ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും  കരിങ്കൊടി വീശി. വനിതാ പ്രവർത്തകരെ നിയന്ത്രിക്കാനോ അറസ്റ്റു ചെയ്യാനോ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

ദേവസ്വം ബോർഡ് ജംക്‌ഷനിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതേസമയം, വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ അനുഗമിക്കാനെത്തിയ ഉദ്യോഗസ്ഥർ കറുത്ത മാസ്ക് ധരിച്ചത് കൗതുകമായി. പൈലറ്റ്, എസ്കോർട്ട് കമാൻഡോകൾക്കും മുഖ്യമന്ത്രിയുടെ ഡ്രൈവർക്കുമാണ് കറുത്ത മാസ്ക് ഉണ്ടായിരുന്നത്.സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 380 പൊലീസുകാരെയാണ് വിന്യസിച്ചത്. നഗരത്തിലെ എല്ലാ അസിസ്റ്റന്റ് കമ്മിഷണർമാരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം ∙ഉച്ച മുതൽ ശംഖുമുഖത്ത് വ‍ിമാനത്താവളത്തിലേക്കുള്ള റോഡിലും സമീപപ്രദേശങ്ങളിലുമായി കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനായി കാത്തു നിന്നു. പലരും കറുത്ത വസ്ത്രങ്ങളും മാസ്കുമാണ് ധരിച്ചിരുന്നത്. മുഖ്യമന്ത്രി എത്തുന്നതിനു മുൻപ് വിമാനത്താവളത്തിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് ശംഖുമുഖത്തിനു സമീപം ബാരിക്കേഡ് നിരത്തി തടഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരു നിരയിലെ ബാരിക്കേഡ് തള്ളി താഴെയ‍ിട്ട‍ു. മുദ്രാവാക്യം മുഴക്കി പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയിൽ നാല് റൗണ്ട് ജല പീരങ്കി പ്രയോഗിക്കുകയും ഏഴു തവണ കണ്ണീർ വാതക ഷെല്ലുകൾ വിക്ഷേപിക്കുകയും ചെയ്തു. ഇതിൽ ചിലത് അടുത്തുള്ള വീടുകളിലേക്കു തെറിച്ചു വീണ് പ്രായമായവരും  കുട്ടികളും  ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വസ്ഥതകൾ ഉണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com