ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെയും പ്രതിപക്ഷം കള്ളൻ എന്നു വിളിച്ചിട്ടില്ലെന്നും അതെന്തുകൊണ്ടെന്നു കമ്യൂണിസ്റ്റുകാർ ചിന്തിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കേരളത്തിൽ ഒരുപാടു മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ഏതു മുഖ്യമന്ത്രിയെ പേറിയാണു നടക്കുന്നതെന്നു പേറുന്നവർ ആലോചിക്കണം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപും പ്രതിപക്ഷം പറഞ്ഞതാണ്. എന്നാൽ കോവിഡ് സാഹചര്യത്തിൽ അതൊന്നും വേണ്ടവിധം ജനങ്ങളിലെത്തിക്കാനായില്ല.

അന്നു പ്രതിപക്ഷം പറഞ്ഞതെല്ലാം എണ്ണമിട്ടു സത്യമായിക്കൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗവും, ഉമ തോമസ് എംഎൽഎയ്ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുക്തഭാരതം എന്ന ആഗ്രഹം സാധിക്കാതെ വരുന്നതിന്റെ അസ്വസ്ഥതയാണു നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തിൽ കാണിക്കുന്നതെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻചാണ്ടി പറഞ്ഞു. എങ്ങനെയും കോൺഗ്രസിനെ കുടുക്കണമെന്ന ചിന്തയാണു രാഹുലിനെതിരായ നീക്കത്തിനു പിന്നിൽ. നൂറു മോദിമാർ വന്നാലും ജനഹൃദയത്തിൽനിന്നു കോൺഗ്രസിനെ പറിച്ചെറിയാൻ കഴിയില്ല.

യഥാർഥ ജനനായകനായിരുന്ന പി.ടി.തോമസിന്റെ പിൻഗാമിയായി ഉമ തോമസ് നേടിയ വിജയം കേരള രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ഉമ തോമസ് എംഎൽഎ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, എം.വിൻസെന്റ് എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.എസ്.ശിവകുമാർ, എൻ.ശക്തൻ, ടി.ശരത് ചന്ദ്രപ്രസാദ്, ജി.എസ്.ബാബു, ജി.സുബോധൻ, കെ.പി.ശ്രീകുമാർ, പി.സി.വിഷ്ണുനാഥ്, പി.കെ.വേണുഗോപാൽ, വർക്കല കഹാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com