എടുക്കാത്ത വായ്പയ്ക്ക് 7 ലക്ഷം വീതം കുടിശിക; പാവങ്ങളുടെ വയറ്റത്തടിച്ചത് ആര്? 3 പേർക്ക് നോട്ടിസ് അയച്ച് കണ്ടല ബാങ്ക്

higher-education-minister-launches-skill-loan
Photo Credit : Joat / Shutterstock.com
SHARE

കാട്ടാക്കട ∙ എടുക്കാത്ത വായ്പയുടെ തിരിച്ചടവ് കുടിശികയായി ഏഴുലക്ഷം രൂപ വീതം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ടല സർവീസ് സഹകരണബാങ്കിന്റെ നോട്ടിസ് മൂന്നു പേർക്ക്. 10 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കണമെന്ന മുന്നറിയിപ്പു  ലഭിച്ചതോടെ പ്രതിസന്ധിയിലായത് ഊരുട്ടമ്പലം അരുവാക്കോട് തുമ്പോട്ടുകോണം പ്രശാന്ത് മന്ദിരത്തിൽ ശശിധരൻ ആചാരി, തുമ്പോട്ടുകോണം അനന്തു നിവാസിൽ എ.ഗോപകുമാർ, അനിൽ നിവാസിൽ അനിൽ കുമാർ എന്നിവരുടെ ജീവിതം.. 

2007ൽ ഇവർ അംഗങ്ങളായ ഊരുട്ടമ്പലം നീറമൺകുഴി ചമയം പുരുഷ സ്വയം സഹായ സംഘം 2 ലക്ഷം രൂപ  ബാങ്കിൽ നിന്നു വായ്പയെടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണു നോട്ടിസിൽ പറയുന്നത്. കുടിശിക ഉൾപ്പെടെ 6,96,612 രൂപ അടയ്ക്കണമെന്നാണ് ആവശ്യം.  എന്നാൽ തങ്ങൾ ഏതെങ്കിലും സ്വയം സഹായ സംഘത്തിൽ അംഗങ്ങൾ അല്ലെന്നും ഇതുവരെ ഒരു ബാങ്കിൽ നിന്നും വായ്പ വാങ്ങിയിട്ടില്ലെന്നും ഇവർ പറയുന്നു.

നോട്ടിസ് ലഭിച്ചവരുടെ തിരിച്ചറിയൽ കാർഡ്,റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് ഉൾപ്പെടെ വായ്പയ്ക്ക് ആവശ്യമായ രേഖകൾ സംഘത്തിന്റെ പേരിൽ ബാങ്കിൽ സമർപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ തങ്ങളുടെ രേഖകൾ എങ്ങനെ എത്തിയെന്നതാണ് നോട്ടിസ് ലഭിച്ചവരെ കുഴയ്ക്കുന്നത്.  അജീന്ദ്രൻ പ്രസിഡന്റും എം.എസ്.ഷിബു സെക്രട്ടറിയുമായ ചമയം പുരുഷ സ്വയം സഹായ സംഘത്തിനാണു വായ്പ നൽകിയത്. ഈ സംഘത്തിലെ അംഗങ്ങളുടെ പട്ടികയിലാണ് നോട്ടിസ് ലഭിച്ച 3 പേരും ഉൾപ്പെട്ടത്.  അന്വേഷണം ആവശ്യപ്പെട്ട് സഹകരണ വകുപ്പിനു പരാതി നൽകുമെന്ന് നോട്ടിസ് ലഭിച്ചവർ പറഞ്ഞു.  

വായ്പയുടെ നോഡൽ ഏജൻസി: തകരാർ പരിശോധിക്കും

കണ്ടല ബാങ്കിനെ നോഡൽ ഏജൻസിയാക്കി ജില്ലാ സഹകരണ ബാങ്ക് സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ച വായ്പ കുടിശികയാക്കിയവർക്ക് നോട്ടിസ് അയച്ചതായി പ്രസിഡന്റ് എൻ.ഭാസുരാംഗൻ അറിയിച്ചു.  തിരിച്ചടയ്ക്കാത്ത സംഘങ്ങൾക്കെതിരെ നടപടി തുടങ്ങി.  വായ്പക്കാരല്ലാത്ത ഒരേ പേരിലുള്ളവരിലേക്ക് ചിലർ തെറ്റിദ്ധരിപ്പിച്ച് നോട്ടിസ് എത്തിച്ചുവെന്ന് വിവരം ലഭിച്ചു. ഇത് ജനങ്ങളിൽ ഭീതി പടർത്തി ബാങ്കിനെ തകർക്കാൻ ലക്ഷ്യമിട്ടാണ്. ഇക്കാര്യം പരിശോധിക്കും. വായ്പ അപേക്ഷ നൽകി പണം വാങ്ങിയ സംഘത്തിലുള്ളവരിൽ നിന്ന് മാത്രമേ പണം തിരികെ പിടിക്കൂ എന്ന് പ്രസിഡന്റ് എൻ.ഭാസുരാംഗൻ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA