മനോരമ വാർത്ത തുണച്ചു, റേഷൻകാർഡായി; പക്ഷേ ജീവിക്കാൻ വേണം സഹായം

trivandrum-saneetha
മനോരമ വാർത്തയെ തുടർന്ന് ലഭിച്ച റേഷൻ കാർഡുമായി സംഗീതയും മക്കളും കുടിലിനു മുന്നിൽ
SHARE

പാലോട് ∙ പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുവിള പന്നിയോട്ട് കടവ് പട്ടികവർഗ സങ്കേതത്തിൽ നാലുസെന്റ് ഭൂമിയിൽ കിടപ്പാടവും റേഷൻ കാർഡ് പോലും ഇല്ലാതെ നാലു പിഞ്ചുകുഞ്ഞുങ്ങളുമായി ദുരിതത്തിൽ കഴിയുന്ന സംഗീത(26) യെകുറിച്ചുള്ള ഇന്നലത്തെ ‘മനോരമ’ വാർത്തയെ തുടർന്നു അധികൃതർ ഉണരുന്നു. താലൂക്ക് സപ്ലൈ ഓഫിസർ  വീട്ടിലെത്തി റേഷൻകാർഡ് നൽകി. നന്ദിയോട് ട്രൈബൽ ഓഫിസർ ഇടപെട്ടു രണ്ടു കുട്ടികളെ നന്ദിയോട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിപ്പിക്കാനുമുള്ള നടപടി സ്വീകരിച്ചു. 

വൈദ്യുത ബോർഡിൽ നിന്നും സ്ഥലം സന്ദർശിച്ചു വൈദ്യുതി നൽകുന്നത് സംബന്ധിച്ചു ആശയ വിനിമയം നടത്തി. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻത്രിവേണി, വൈസ് പ്രസിഡന്റ് എസ്. ശാന്തകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഗീതയുടെ വസ്തുവിനോട് ചേർന്നു ഒരു സെന്റ് ഭൂമി വാങ്ങി നൽകുമെന്നു അവർ അറിയിച്ചു. ഇവരുടെ ഇടപെടലിൽ സംഗീതയുടെ ഒരു മകനെ ഞാറനീലി ട്രൈബൽ സിബിഎസ്ഇ സ്കൂളിൽ ചേർത്തു പഠിപ്പിക്കാനും തീരുമാനമായി. ആശാവർക്കർ സൗമ്യയും എല്ലാ സഹായവുമായി എത്തിയിരുന്നു. പഠനോപകരണങ്ങളും വസ്ത്രങ്ങളും നൽകി.

സുമനസ്സുകളായ പലരും സഹായിക്കാനായി വിളിക്കുന്നുണ്ട്. സംഗീതയുടെ ഭർത്താവ് കർണാടകയിൽ ജോലിക്കെന്നു പറഞ്ഞു പോയിട്ട് മാസങ്ങളായി ഇതുവരെ ഒരു വിവരവുമില്ല. പാലോട് പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഉപേക്ഷിച്ചു പോയതായാണ് നിഗമനം. പത്ത് വയസ്സിനു താഴെയുള്ള നാലു കുട്ടികളുമായി കുടുംബ ഓഹരിയിൽ നിന്ന് ലഭിച്ച നാലു സെന്റിൽ പ്ലാസ്റ്റിക് വലിച്ചു കെട്ടിയ, വഴിയില്ലാത്ത ,ചോരുന്ന കുടിലിലാണ് സംഗീത കഴിയുന്നത്.

റേഷൻ കാർഡില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ ഇടം പിടിച്ചില്ല. തൊഴിലുറപ്പിനും പോകാൻ കഴിയുന്നില്ല. മൂത്ത മകൾ അ‍ഞ്ചാം ക്ലാസുകാരി സാന്ദ്ര ആറു വർഷമായി കിഡ്നി തകരാർ മൂലം ചികിത്സയിലാണ്. സുമനസ്സുകൾക്കായി സംഗീതയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ പെരിങ്ങമ്മല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 852310110008446( ഐഎഫ്എസ് സി: ബി.കെ.ഐ.ഡി0008523) ഫോൺ: 9778103752

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS