ADVERTISEMENT

തിരുവനന്തപുരം ∙ പൂർവ വിദ്യാർഥി സംഗമത്തിന് സഹപാഠികളെത്തുന്ന ആവേശത്തോടെ പഴയകാല നിയമസഭാ സാമാജികർ  ഒത്തുകൂടി. ‘ഫോർമർ എംഎൽഎ ഫോറം’ സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയത് നൂറിലേറെ ‘എക്സ് എംഎൽഎമാർ !’ കേരളപ്പിറവി മുതൽ വിവിധ കാലയളവുകളിൽ നിയമസഭാംഗങ്ങളായിരുന്നവരാണ് എത്തിയത്. കൂട്ടത്തിലെ ഏറ്റവും മൂപ്പൻ തൊണ്ണൂറ്റൊന്നുകാരനായ പാലോളി മുഹമ്മദ് കുട്ടി. ‘കുട്ടി’ 63 പിന്നിട്ട ജോസ് ബേബി ! എംഎൽഎമാരെ തട്ടിക്കൊണ്ടു പോകലും റിസോർട്ടിൽ  ഒളിപ്പിക്കലും വാർത്തയാകുന്ന സമകാലിക കാഴ്ചകളുമായി താരതമ്യം ചെയ്യാൻ കഴിയാത്തതാണ് കേരള നിയമസഭയുടെ അന്തസ്സും പാരമ്പര്യവുമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.

ഒരു കാലത്തും കേരളത്തിലെ എംഎൽഎമാർ ‘വിൽപനച്ചരക്ക്’ ആയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. ‘ ആർക്കും അപഹരിക്കാൻ കഴിയാത്ത  പദമെന്നാണ് ’ പനമ്പിള്ളി ഗോവിന്ദമേനോൻ എംഎൽഎയെക്കുറിച്ച് പറഞ്ഞതെന്ന് മുൻ മന്ത്രി എം.എം. ഹസ്സൻ ഓർമിച്ചു. മുൻ സാമാജികരുടെ പത്നിമാരും കൂട്ടായ്മക്കെത്തിയിരുന്നു. 1957 ലെ ആദ്യ സഭയിൽ പറളിയിൽ നിന്നുള്ള അംഗം നാരായണൻകുട്ടിയുടെ ഭാര്യ ശാന്തകുമാരിയും ചടങ്ങിനെത്തി. എംഎൽഎ ഫോറം ചെയർമാൻ എം.വിജയകുമാർ അധ്യക്ഷനായി.

മുൻ സ്പീക്കർമാരായ വി.എം. സുധീരൻ, എൻ.ശക്തൻ, ഡപ്യൂട്ടി സ്പീക്കർമാരായ ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി, എം.വിജയകുമാർ എന്നിവരെ ആദരിച്ചു. മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്കുള്ള ആദരഫലകം പ്രതിനിധികൾ ഏറ്റുവാങ്ങി. ജോസ് തെറ്റയിൽ രചിച്ച ‘പ്രകൃതി: ഭാവങ്ങളും പ്രതിഭാസങ്ങളും’ പുസ്തകം പ്രകാശനം ചെയ്തു. കെ.പി. കുഞ്ഞിക്കണ്ണൻ, പി.എം. മാത്യു, ജോസ് ബേബി, പാലോട് രവി, കെ.ആർ. ചന്ദ്രമോഹൻ, ഉണ്ണികൃഷ്ണപിള്ള, സുന്ദരേശൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ജനാധിപത്യത്തിൽ പുരുഷാധിപത്യം : ഭാർഗവി തങ്കപ്പൻ

ജനാധിപത്യത്തിൽ പുരുഷാധിപത്യമാണു വാഴുന്നതെന്നു മുൻ ഡപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ. മുൻ സാമാജികരുടെ കൂട്ടായ്മയിൽ വേദിയിൽ സ്ത്രീയായ താൻ മാത്രമിരിക്കുന്നത് ഉദാഹണമാണെന്നും അവർ പറഞ്ഞു. ജനാധിപത്യം നീതി പൂർണമായിരുന്നെങ്കിൽ നിയമസഭയിൽ 70 സ്ത്രീകൾ കാണുമായിരുന്നു. ദ്രൗപദി മുർമുവിനെ ബിജെപി രാഷ്ട്രപതി സ്ഥാനാർഥി ആക്കിയെങ്കിലും പിന്നിലെ രാഷ്ട്രീയം കാണാതിരിക്കരുതെന്നും അവർ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com