ADVERTISEMENT

കഴക്കൂട്ടം∙ വീടിന്റെ മൂന്നാം നിലയിൽ നിന്നു തെങ്ങു വഴി ചാടി പൊലീസിനു നേരെ തോക്കു ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിസ്റ്റൽ കൊണ്ടുള്ള ഇടിയേറ്റ് തുമ്പ സ്റ്റേഷനിലെ സിപിഒ ബിനുവിന് നെറ്റിയിൽ പരുക്കേറ്റു. റിട്ട. എഎസ്ഐ യുടെ കൊലപാതകമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായി പൊലീസിനെ വെട്ടിച്ചു നടന്ന പള്ളിത്തുറ പുതുവൽ പുരയിടത്തിൽ സന്തോഷ് (ജറ്റ് സന്തോഷ് (42)) ആണ് പിടിയിലായത്.  

പിസ്റ്റൽ പിടിച്ചെടുത്തു. തോക്ക് എങ്ങിനെ കിട്ടി എന്നതും അന്വേഷിക്കും 1998 ൽ ചെമ്പഴന്തിയിൽ റിട്ട. എഎസ്ഐ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പരോളിൽ  ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പള്ളിത്തുറയിലെ തന്റെ വീട് തുമ്പ പൊലീസ് വളഞ്ഞു എന്ന് മനസ്സിലാക്കിയ സന്തോഷ് മൂന്നാം നില വഴി തെങ്ങിൽ കയറി താഴെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് പിടികൂടിയത് കൈയിലുണ്ടായിരുന്ന പിസ്റ്റൽ എടുത്ത് വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

അതിനിടയിലാണ് സിപിഒ ബിനുവിന്റെ നെറ്റിയിൽ പിസ്റ്റൾ കൊണ്ട് ഇടിച്ചത്. നേരത്തേയും ഇയാൾ പൊലീസിനു നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടിരുന്നു. വർഷങ്ങൾക്കു മുൻപ് അട്ടക്കുളങ്ങര സബ്ജയിലിനു സമീപം ബോംബേറിൽ കൊല്ലപ്പെട്ട  എൽടിടി കബീറിന്റെ സംഘത്തിൽ ജെറ്റ് സന്തോഷ് ഉൾപ്പെട്ടിരുന്നു. തുമ്പ എസ്എച്ച്ഒ വി. ശിവകുമാർ, എസ്ഐമാരായ എൻ. അശോക് കുമാർ,ഇൻസാമാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ആണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.

പലതവണ മുങ്ങി; ഒടുവിൽ കുടുങ്ങി

പൊലീസിനെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട പള്ളിത്തുറ പുതുവൽ പുരയിടത്തിൽ സന്തോഷ് (ജറ്റ് സന്തോഷ് (42) 1998 ൽ ചെമ്പഴന്തിയിൽ റിട്ട. എഎസ്ഐ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി അറസ്റ്റിലായി ജയിലിൽ കഴിയവേ പരോളിൽ ഇറങ്ങി മുങ്ങി. തുടർന്ന് 2017ൽ പൊലീസ് ഇയാളെ കണ്ടെത്തി എങ്കിലും തോക്കു ചൂണ്ടി പൊലീസിനെ വെട്ടിച്ചു മുങ്ങി. തുടർന്ന് 2020 ലും ഇയാൾ നാട്ടിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് എത്തി. അപ്പോഴും പൊലീസിനെ വെട്ടിച്ചു മുങ്ങി. ഇപ്പോൾ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com