രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഒാഫിസിൽ എസ്എഫ്ഐ ആക്രമണം; തലസ്ഥാനത്ത് സംഘർഷം

സിപിഎം ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്ററിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ നന്ദാവനം എആർ ക്യാംപ് ഉപരോധിച്ചപ്പോൾ പൊലീസുമായുണ്ടായ ഉന്തും തള്ളും. രാഹുൽ ഗാന്ധിയുടെ ഓഫിസ് വയനാട്ടിൽ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസിനൊപ്പം മഹിളാ കോൺഗ്രസുകാരും മാർച്ച് നടത്തിയത്.
SHARE

തിരുവനന്തപുരം ∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെത്തുടർന്ന് തലസ്ഥാനത്ത് സംഘർഷത്തിന്റെ രാത്രി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ പാളയത്ത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ആദ്യം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താനായിരുന്നു തീരുമാനം.

എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞപ്പോൾ ‌മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ലക്സ് തകർക്കുന്ന പ്രവർത്തകർ.

സ്പെൻസർ ജംക്‌ഷനു സമീപം പ്രവർത്തകർ ഒത്തു കൂടിയ ശേഷം മാർച്ച് എകെജി സെന്ററിലേക്കു തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലൂടെ എകെജി സെന്ററിലേക്കു മാർച്ച് നടത്ത‍ുന്നതിനിടയിൽ വഴിയിലുണ്ടായിരുന്ന സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഫ്ലക്സ് ബോർഡുകളും കൊടികളും പ്രവർത്തകർ നശിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിനു സമീപം പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

akg-centre-march
രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞപ്പോൾ. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ലക്ഷ്മി, ലീന ഗിരിജ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ്.നായർ, കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, എൻഎസ്‌യു ദേശീയ സമിതി അംഗം സബീർ കല്ലമ്പലം തുടങ്ങിയവർ മുൻനിരയിൽ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

മഹിളാ കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ മുൻനിരയിൽ നിന്ന് പൊലീസുമായി ഉന്തുംതള്ളുമായി. വനിതാ പൊലീസിന്റെ അഭ‍ാവത്തിൽ പുരുഷ പൊലീസുകാർ വനിതകളെ തടഞ്ഞതു സംബന്ധിച്ച് വാക്കേറ്റമുണ്ടായി. അതിനിടയിൽ ഷീൽഡ് ഉപയോഗിച്ച് തള്ളുന്നതിനിടയിൽ അടിവയറ്റിൽ ലാത്തികൊണ്ട് ഇടിച്ചുവെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തക ആരോപിച്ചു. പ്രവർത്തകർ പൊലീസിന്റെ കയ്യിൽ നിന്നു ലാത്തി പിടിച്ചു വാങ്ങി ഒടിച്ചു.

poojappura-jail-congress
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദും ജില്ലാ സെക്രട്ടറി നവീൻ കുമാറും ജാമ്യം കിട്ടി തിരുവനന്തപുരം പൂജപ്പുര ജയിലിൽ നിന്നും കോൺഗ്രസ് നേതാക്കൾക്കെപ്പം പുറത്തേയ്ക്ക് വരുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി ആരോപണ വിധേയനായതിനെത്തുടർന്ന് പ്രതിപക്ഷ സംഘടനകൾ പലവട്ടം സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയിരുന്നെങ്കിലും എകെജി സെന്ററിലേക്ക് പ്രതിഷധ പ്രകടനങ്ങളൊന്നും നടന്നി‍രുന്നില്ല. എന്നാൽ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ ആക്രമണമുണ്ടാകുമ്പോൾ പ്രതിഷേധ പ്രകടനം നടത്തേണ്ടത് എകെജി സെന്ററിലേക്കാണെന്ന യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനപ്രകാരമാണ് മാർച്ച് പെട്ടെന്ന് അവിടേക്ക വഴിതിരിച്ചുവിട്ടത്.

flux-ministers-attack
രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞപ്പോൾ നഗരത്തിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ലക്സ് തകർക്കുന്ന പ്രവർത്തകർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

മഹിളാ കോൺഗ്രസ് പ്രവർത്തകരായ ലക്ഷ്മി, വീണ, ലീന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ പുരുഷ പൊലീസ് പിടിച്ചു മാറ്റിയെന്ന പ്രതിഷേധമുണ്ടായി. മൂന്ന് പ്രവർത്തകരെയും നന്ദാവനത്തെ ക്യാംപിലേക്കു മാറ്റിയതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു സമരം നടത്തി.

akg-center-youth-congress-march
രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ .എസ് ശബരിനാഥൻ, ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് തുടങ്ങിയവർ മുൻനിരയിൽ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പിന്നീട് കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടയക്കാമെന്ന ധാരണയെത്തുടർന്ന് താൽക്കാലികമായി സംഘർഷം അവസാനിച്ചു.  കെ.എസ്.ശബരീനാഥൻ, റിജിൽ മാക്കുറ്റി, വീണ, ലക്ഷ്മി, കെ.പി.ശ്രീകുമാർ തുടങ്ങിയവരാണ് മാർച്ചിനു നേതൃത്വം നൽകിയത്. സംഘർഷത്തെത്തുടർന്ന് നഗരത്തിൽ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. പാളയം വഴി കടന്നുപോകേണ്ട കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ തമ്പാനൂർ വഴി തിരിച്ചുവിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS