തിരുവനന്തപുരം ∙ ഗായിക മഞ്ജരിയും ബാല്യകാല സുഹൃത്ത് ജെറിനും വിവാഹിതരായി. തുടർന്ന് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി കലാകാരന്മാരായ കുട്ടികൾക്കൊപ്പം വിരുന്നും ആഘോഷവും നടന്നു. വധൂവരന്മാരെ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്വീകരിച്ചു. സിനിമയിൽ മഞ്ജരി പാടിയ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ആർട് സെന്ററിലെ റുക്സാനയും പാർവതിയും കൂട്ടരും ആലപിച്ചു. മഞ്ജരിയും കുട്ടികൾക്കായി പാടി.
പഴയിടം മോഹനൻ നമ്പൂതിരി തയാറാക്കിയ സദ്യ ഇരുവരും ചേർന്ന് കുട്ടികൾക്കായി വിളമ്പുകയും അവരോടൊപ്പമിരുന്നു കഴിക്കുകയും ചെയ്തു. പത്തനംതിട്ട സ്വദേശിയായ ജെറിൻ ബെംഗളൂരുവിൽ എച്ച്ആർ മാനേജരാണ്. ഇരുവരും ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചവരാണ്. നടൻ സുരേഷ് ഗോപി, ഗായകൻ ജി.വേണുഗോപാൽ, നടി പ്രിയങ്ക, സംവിധായകൻ സിദ്ധാർഥ് ശിവ തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.