ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിൽ ഡോക്ടറുടെ വേഷത്തിൽ എത്തിയ ആൾ വാർഡുകളിൽ കയറി കൂട്ടിരിപ്പുകാരുടെ പണവും മൊബൈൽ ഫോണുകളും കവർന്നു. ശനി പുലർച്ചെ 44ാം നമ്പർ പേവാർഡ് മുറിയിലും ആറാം വാർഡിലുമായിരുന്നു മോഷണം. ഹൃദ്രോഗ ത്തിനു പേവാർഡിൽ ചികിത്സയിൽ കഴിഞ്ഞ വെഞ്ഞാറമൂട് ഇളമ്പ സ്വദേശി ഗോമതിക്ക് കൂട്ടിരിക്കാൻ എത്തിയ സഹോദരി ആറ്റിങ്ങൽ ആലുംമൂട് തൊപ്പിചന്ത സ്വദേശി ലീലയുടെ 3500 രൂപയും തിരിച്ചറിയൽ രേഖകളും, 6ാം വാർഡിലെ കൂട്ടിരിപ്പു കാരനായ കുളത്തൂർപ്പുഴ സ്വദേശി മണിയുടെ 24000 രൂപ വിലയുള്ള രണ്ടു ഫോണുകളും മോഷണം പോയി.

ലീല പറഞ്ഞത്: മരുന്നു വാങ്ങാനും ആശുപത്രി ചെലവിനുമായി കരുതി വച്ച പണമാണ് നഷ്ടമായത്. പണത്തിനു പുറമേ പഴ്സിലുണ്ടായിരുന്ന ആധാർ,തിരിച്ചറിയൽ കാർഡ്, സ്വർണം പണയംവച്ചതിന്റെ രേഖകൾ എന്നിവയും നഷ്ടമായി. സ്റ്റെതസ്കോപ്പും ഹൗസ് സർജന്റെ കോട്ടും ധരിച്ച് എത്തിയ ആൾ രാത്രി 8.15നാണ് ഗോമതിയെ പരിശോധിക്കാൻ എത്തിയത്. കൈ പിടിച്ചു നോക്കുകയും രോഗവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് അയാൾ പോയത്. 10 മണി കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. മുറിയുടെ വാതിലിന്റെ കുറ്റി ഇട്ടിരുന്നില്ല.

പുലർച്ചെ 2.45ന് ചേച്ചി വയറുവേദനയെടുത്ത് കരഞ്ഞത് കേട്ടാണ് എഴുന്നേറ്റത്. ഈ സമയം ഡോക്ടറുടെ വേഷത്തിൽ എത്തിയ ആൾ പുറത്തേക്കു പോകുന്നതു കണ്ടു. നഴ്സിനെ വിളിക്കാൻ മകൾ പറഞ്ഞത് കേട്ടതോടെ ഇയാൾ താഴേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 23ന് രാത്രി 14ാം വാർഡിലും മോഷണം നടന്നു. കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോണാണ് അന്ന് നഷ്ടമായത്. മെഡിക്കൽകോളജ് പൊലീസിലും ആശുപത്രിയുടെ സുരക്ഷാവിഭാഗം ഓഫിസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടക്കുന്നത്. 

യുവാവ് ഡോക്ടർ ചമഞ്ഞ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ് രോഗിയെ ചികിത്സിക്കുകയും രോഗിയുടെ രക്ത സാംപിളിൽ വെള്ളം ചേർത്ത് തിരിമറി നടത്തുകയും ചെയ്തതാണ് ആദ്യ സംഭവം. ഇതു വിവാദമായപ്പോൾ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. ഒരു സ്റ്റെതസ്കോപ്പ് കയ്യിലുണ്ടെങ്കിൽ ആർക്കും എവിടെയും കയറി പോകാം. കൂട്ടിരിപ്പുകാരുടെ പാസ് പരിശോധന മാത്രമാണ് സുരക്ഷാ ജീവന ക്കാരുടെ ഡ്യൂട്ടി. ജീവനക്കാരുടെ വേഷത്തിൽ എത്തുന്നവരെ പരിശോധിക്കാതെയാണ് കടത്തി വിടുന്നത്.

ജീവനക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകണമെന്ന് മന്ത്രി നിർദേശം നൽകി യിരുന്നു. എന്നാൽ ഡോക്ടർമാരുടെ എതിർപ്പ് കാരണം ഇതു നടപ്പായില്ല. ആശുപത്രി കേന്ദ്രീകരിച്ച് തട്ടിപ്പോ, കുറ്റകൃത്യങ്ങളോ ഉണ്ടായാൽ സുരക്ഷാവിഭാഗവും പൊലീസും പരസ്പരം പഴിചാരി തടിയൂരും. രണ്ടു വർഷത്തിനിടെ ഡസനോളം മോഷണങ്ങളാണ് ആശുപത്രിയിൽ നടന്നത്. മോർച്ചറിയിലേക്ക് കൊണ്ടു പോയ മൃതദേഹത്തിൽ നിന്നു മോതിരവും മാലയും കവർച്ച ചെയ്തതും തീവ്രപരിചരണ വിഭാഗത്തിൽ നിന്നു രോഗിയുടെ ആഭരണങ്ങൾ കാണാതായതും വലിയ വിവാദമായിരുന്നു.

28ാം വാർഡിൽ ചികിത്സയിലിരിക്കെ മരിച്ച ചെമ്പഴന്തി സ്വദേശിയായ 91കാരന്റെ കയ്യിൽ കിടന്ന ഒരു പവന്റെ മോതിരം മോഷ്ടിച്ചത്, എസ്എടി ജീവനക്കാരൻ പ്രസാദിന്റെ അമ്മ പാറശാല ചെങ്കവിള സ്വദേശി പുഷ്പ(60)ത്തിന്റെ സ്വർണമാല മോഷ്ടിച്ചത്, ജീവനക്കാരന്റെ ബന്ധുവിന്റെ കാൽലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചത്, ത്വക്ക് രോഗ വിഭാഗത്തിലെ ശസ്ത്രക്രിയക്കിടെ ഉള്ളൂർ സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ പക്കൽ നിന്ന്  ഒന്നര പവന്റെ സ്വർണമാല മോഷ്ടിച്ചത് തുടങ്ങിയ സംഭവങ്ങളിലൊന്നിലും പൊലീസ് പ്രതികളെ പിടികൂടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com