തമിഴ്നാട് ബസിന്റെ അമിതവേഗം: നെയ്യാറ്റിൻകര നഗരമധ്യത്തിൽ പ്രഭാതസവാരിക്കാരൻ മരിച്ചു

trivandrum-jayakumar
നെയ്യാറ്റിൻകര ആലുംമൂട് ജംക്‌ഷനു സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ജയകുമാർ. അപകടമുണ്ടാക്കിയ ബസും കാണാം .ജയകുമാർ പിന്നീട് മരിച്ചു. ഇൻസെറ്റിൽ ജയകുമാർ
SHARE

നെയ്യാറ്റിൻകര∙ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ  അമിതവേഗത്തിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിടിച്ച്  മരിച്ചു. നടന്നുപോയ മറ്റൊരാളിനും ബസിനുള്ളിൽ നിന്നു തെറിച്ചുവീണ സ്ത്രീക്കും പരുക്കേറ്റു. ബസിടിച്ചു വീഴ്ത്തിയ ആളിന്റെ നില ഗുരുതരമാണ് .നെയ്യാറ്റിൻകര  കൃഷ്ണപുരം ഗ്രാമം തെരുവ് ‘പൗർണമിയിൽ’ ജയകുമാർ (65) ആണു മരിച്ചത്. നെയ്യാറ്റിൻകര വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.കെ.എസ്. സിന്ധുവാണ്,  ഭാര്യ. ജെ.എസ്. ഗംഗ, ജെ.എസ്. യമുന എന്നിവർ മക്കളും സതീഷ് കുമാർ, പി.എം. ഹരിലാൽ മരുമക്കളുമാണ്. ഞായറാഴ്ച രാവിലെയാണ് സഞ്ചയനം. 

ശനിയാഴ്ച രാവിലെ നെയ്യാറ്റിൻകര നഗരഹൃദയത്തിൽ ആലുംമൂട് ജംക്‌ഷനും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനും ഇടയിലായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജയകുമാർ ഇന്നലെയാണ്  മരിച്ചത്. ബസിന്റെ അമിതവേഗം  അപകടത്തിനു കാരണമായതായി നാട്ടുകാർ പറഞ്ഞു. നെയ്യാറ്റിൻകര കണിച്ചാംകോട് രാമനിലയിൽ വാടകയ്ക്കു താമസിക്കുന്ന ചെങ്കൽ യുപി സ്കൂളിനു സമീപം ‘സാകേത’ത്തിൽ ശ്രീകണ്ഠൻ നായർ (62), കല്ലയം സ്വദേശി സുമ (52) എന്നിവർക്കാണ് പരുക്കേറ്റത്.  ശ്രീകണ്ഠൻ നായർ നട്ടെല്ലിനു പരുക്കേറ്റതിനെ തുടർന്നു തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

സുമ അപകടത്തെത്തുടർന്ന് ബസിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പരുക്ക്  ഗുരുതരമല്ല. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ പേരിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തു അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു. ബസ് പിടിച്ചെടുത്ത് കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിൽ സൂക്ഷിച്ചിട്ടുണ്ട്.

നഗരമധ്യത്തിൽ കുപ്പിക്കഴുത്തു പോലുള്ള റോഡിൽ, വാഹനങ്ങൾ മെല്ലെ സഞ്ചരിക്കുന്നതിനാൽ സാധാരണ അപകടങ്ങൾ പതിവില്ലാത്ത മേഖലയിലാണ് ദുരന്തം. റോഡിൽ അപൂർവം ചില പച്ചക്കറി കച്ചവടക്കാരും കാൽനട യാത്രക്കാരും മാത്രമുണ്ടായിരുന്നപ്പോഴായിരുന്നു അപകടം. ഉച്ചത്തിലുള്ള ശബ്ദം കേട്ടു നോക്കുമ്പോൾ 2 പേർ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. അൽപം അകലെയായി വീണു കിടന്ന സ്ത്രീ പറയുമ്പോൾ മാത്ര മാണ് അവർ ബസിൽ നിന്ന് തെറിച്ചു വീണതാണെന്ന വിവരം അറിയുന്നത്. പൊലീസ് എത്തിയപ്പോഴേക്കും പരുക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ  ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS