ADVERTISEMENT

തിരുവനന്തപുരം∙  എല്ലാ മെഡിക്കൽ കോളജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങൾ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളിൽ അസി. പ്രഫസർ റാങ്കിലുള്ള സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂർവമായ സമീപനം ജീവനക്കാർ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. എല്ലാ മെഡിക്കൽ കോളജുകളിലെയും സൂപ്രണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം. 

രക്തം മുതലായ സാംപിളുകൾ ശേഖരിക്കാനുള്ള പോയിന്റുകൾ അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് സ്ഥാപിക്കും. രോഗികളുടെ വിവരങ്ങളും ഐസിയു, വെന്റിലേറ്റർ തുടങ്ങിയവയുടെ വിവരങ്ങളും അറിയാൻ കൺട്രോൾ യൂണിറ്റുകൾ തുടങ്ങും. ഹൃദയസംബന്ധമായ രോഗങ്ങളുമായി വരുന്നവരുടെ അടിയന്തര ചികിത്സയ്ക്കായി ചെസ്റ്റ് പെയിൻ ക്ലിനിക്കുകൾ സ്ഥാപിക്കും. അത്യാഹിത വിഭാഗത്തിൽ സൂപ്പർ സ്പെഷ്യൽറ്റി സംവിധാനവുമൊരുക്കും. 

ചികിത്സാ രംഗത്തും അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലർത്തുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരത്തിനു പുറമേ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലും വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റു മെഡിക്കൽ കോളജുകളിലെ പ്രഗല്ഭ ഡോക്ടർമാർ കൂടി ഉൾക്കൊള്ളുന്നതാണ് ഈ സംഘം.

അടുത്ത ഘട്ടമായി കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ നടപ്പാക്കും. എല്ലാ മെഡിക്കൽ കോളജുകളും മരുന്ന് ലഭ്യത ഉറപ്പാക്കണം. പോരായ്മകൾ ആശുപത്രികൾ തന്നെ കണ്ടെത്തി പരിഹരിക്കാൻ ഗ്യാപ് അനാലിസിസ് നടത്തും.  ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com