ADVERTISEMENT

തിരുവനന്തപുരം ∙ സാധാരണ പെയ്യുന്നതിന്റെ പകുതി പോലും മഴ പെയ്യാതെ ജൂൺ മാസം കുട മടക്കുന്നു.  സംസ്ഥാനത്തു കാലവർഷത്തിന്റെ ഭാഗമായി ലഭിക്കേണ്ട മഴയിൽ 53% കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത് . സാധാരണ 62.19 സെന്റിമീറ്റർ മഴയാണു ജൂണിൽ പെയ്യുന്നത്. ഇതു വരെ ലഭിച്ചത് 29.19 സെന്റിമീറ്റർ മാത്രം. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ വലിയതോതിൽ മഴക്കുറവ് ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന അണക്കെട്ടുകൾ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിൽ 69% ആണ് മഴക്കുറവ്. സാധാരണ ജൂണിൽ 70.61 സെന്റിമീറ്റർ മഴ പെയ്യുന്ന ജില്ലയിൽ ഇത്തവണ 21.18 സെന്റിമീറ്റർ ആണ് ലഭിച്ചത്.

പാലക്കാട് 66%, വയനാട് 61% എന്നിങ്ങനെയും മഴ കുറഞ്ഞു. ഇത്തവണ കാലവർഷം നേരത്തേ എത്തിയെന്നും മേയ് 29ന് ആരംഭിച്ചു എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ജൂൺ പകുതി പിന്നിട്ടപ്പോൾ ജൂണിൽ മഴ കുറയുമെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാകും മഴ കൂടുതൽ ലഭിക്കുക എന്നും പ്രവചനം പുതുക്കി. കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 13% മഴ കുറവായിരുന്നു. ഈ വർഷവും കാലവർഷത്തിൽ നേരിയ കുറവുണ്ടാകുമെന്നു വിവിധ ഏജൻസികൾ പ്രവചിച്ചിട്ടുണ്ട്. 

അതേസമയം, അടുത്ത ദിവസങ്ങളിൽ മുതൽ കാലവർഷം ശക്തമാകുമെന്ന സൂചനയാണു കാലാവസ്ഥ കേന്ദ്രം നൽകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത നാലു ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണു പ്രവചനം. ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 3 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 4 വരെ കേരളതീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാനും പാടില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com